തൃക്കാക്കര: മുൻസിപ്പൽ ലൈബ്രറിക്ക് അന്തരിച്ച പി.ടി തോമസ് എൽ.എൽ.എയുടെ പേരുനൽകുന്നതുമായി ബന്ധപ്പെട്ട് തൃക്കാക്കര മുൻസിപ്പൽ ഭരണസമിതി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗം പ്രഹനസമായെന്ന് എൽ.ഡി.എഫ് ആരോപണം. ഇന്നലെ രാവിലെ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിലാണ് ഭരണസമിതിക്കെതിരെ വിമർശനമേൽക്കേണ്ടി വന്നത്. ലൈബ്രറിക്ക് പി.ടി.തോമസ് എൽ.എൽ.എയുടെ പേരുനൽകുക, തൃക്കാക്കരയിൽ പി.ടിയുടെ പ്രതിമസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യാനായിരുന്നു സർവ്വകക്ഷി യോഗംവിളിക്കാൻ നഗരസഭ കൗൺസിൽ തീരുമാനപ്രകാരമാണ് വിളിച്ചുചേർത്തത്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്, മുസ്ലിംലീഗ് പ്രതിനിധികളെ മാത്രം അറിയിച്ചായിരുന്നു ഇന്നലെ യോഗം ചേർന്നത്. സർവ്വകക്ഷിയോഗം ചേർന്ന് തീരുമാനിക്കേണ്ട കാര്യങ്ങൾ
ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളെയും അറിയിക്കാതെ ഭരണസമിതിയോഗം വിളിച്ചത് പി.ടി തോമസിനോടുളള അനാദരവ് ആണെന്നാരോപിച്ച് എൽ.ഡി.എഫ് പ്രതിനിധികളായ ജിജോ ചങ്ങംതറ, പി.സി മനൂപ്, ചന്ദ്രബാബു എന്നിവർ പ്രതിഷേധിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇതോടെ തീരുമാനമെടുക്കാതെ യോഗം അവസാനിപ്പിക്കുകയായിരുന്നു. കേരള കോൺഗ്രസ്, ജനതാദൾ (സെക്കുലർ)നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, കോൺഗ്രസ് (എസ്) കേരള കോൺഗ്രസ് (ജേക്കബ്),കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി, ബി.ജെ.പി അടക്കമുള്ള വിവിധ രാഷ്ട്രീയപ്പാർട്ടികളെ തഴഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. എൽ.ഡി.എഫിനെ കൂടാതെ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായി കോൺഗ്രസ് നേതാവ് സേവ്യർ തായങ്കേരി, മുസ്ലിംലീഗ് നേതാവ് ജലീൽ എന്നിവർ മാത്രമായിരുന്നു യോഗത്തിനെത്തിയത്. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്മിത സണ്ണി, സുനീറ ഫിറോസ്, നൗഷാദ് പല്ലച്ചി, കൗൺസിലർമാരായ അഡ്വ.ഷീന ഉമ്മർ, ഷിമി മുരളി, രജനി ജീജൻ, പി.എം.യൂനിസ്, വർഗ്ഗീസ് പ്ലാശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.