പറവൂർ: കെ.എസ്.ആർ.ടി.സിയുടെ വിനോദയാത്രാ പദ്ധതി പറവൂരിൽ നിന്നാരംഭിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ആദ്യത്തേത് കഴിഞ്ഞ ദിവസം മലക്കപ്പാറ, മൂന്നാർ സർവീസ് നടത്തി. ചാലക്കുടിയിൽ നിന്നുള്ള സർവീസാണെങ്കിലും പറവൂർ അടക്കമുള്ള പ്രദേശവും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി. 51 പേരുള്ള സംഘമായി യാത്ര ചെയ്യാൻ തയ്യാറാണെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്താൽ പറവൂരിൽ നിന്ന് ആരംഭിക്കും. സംഘം എവിടെയാണോ നിൽക്കുന്നത് അവിടെ വന്ന് യാത്രക്കാരെ കൊണ്ടുപോകും. മിനിമം അൻപത്തിയൊന്ന് പേരാണ് വേണ്ടത്. ഇതിൽ കുറവാണെങ്കിൽ ഇത്രയും പേരുടെ ടിക്കറ്റ് എടുക്കേണ്ടിവരും. ഒരാൾക്ക് 500 രൂപയാണ് നിരക്ക്. ഇതിൽ ഭക്ഷണം ഉൾപ്പെടില്ല. ആവശ്യമെങ്കിൽ ഭക്ഷണം ഹോട്ടലിൽ നിന്ന് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തും. യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ കാഴ്ചകൾ കാണാനായി ബസ് നിർത്തിക്കൊടുക്കുകയും ചെയ്യും. ആദ്യ വിനോദയാത്ര സമസ്തകേരള വാര്യർ സമാജം യൂണിറ്റിലെ അൻപത്തിയൊന്ന് അംഗങ്ങൾ മലക്കപ്പാറയിലേക്കായിരുന്നു. അതിരപ്പിള്ളി, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം, ആനക്കയം വഴി മലക്കപ്പാറയിൽ എത്തി. രാവിലെ ആറിന് പറവൂരിൽ നിന്ന് പുറപ്പെട്ട ബസ് രാത്രി പത്തിന് തിരിച്ചെത്തി. കാര്യങ്ങൾ വിശദീകരിക്കാൻ ചാലക്കുടി ഡിപ്പോയിൽ നിന്ന് ഒരു ഗൈഡ് ബസിൽ ഉണ്ടായിരുന്നു. വനത്തിലൂടെയുള്ള യാത്ര രസകരമായിരുന്നെന്ന് സമാജം അംഗങ്ങൾ പറഞ്ഞു. മാങ്കുളം, മാമലക്കണ്ടം വഴിയാണ് മൂന്നാറിലേക്കുള്ള യാത്ര. ചാലക്കുടിയിൽ നിന്ന് 750 രൂപയാണ് നിരക്ക്. അതിൽ ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഉൾപ്പെടും. ഭക്ഷണം ഉൾപ്പെടെയുള്ള പറവൂരിൽ നിന്നുള്ള നിരക്ക് നിശ്ചയിച്ചിട്ടില്ല. വിനോദയാത്ര ബുക്ക് ചെയ്യുന്നതിന് ഫോൺ: 90745 03720, 97475 57737.