കൊച്ചി: വൈപ്പിനിലെ എടവനക്കാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ വാട്ടർ അതോറിട്ടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വിശദീകരണം നൽകാൻ ജസ്റ്റിസ് എൻ. നഗരേഷ് വാട്ടർ അതോറിട്ടിക്ക് നിർദ്ദേശം നൽകി. എടവനക്കാട് ഇല്ലത്തുപടി സ്വദേശിയായ ഹൈക്കോടതി അഭിഭാഷകൻ കെ.എ ജലീൽ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണെന്ന് ഹർജിയിൽ പറയുന്നു. മുഴുവൻ പ്രദേശത്തും കുടിവെള്ളം എത്തിക്കാൻ തുടങ്ങിയതായി അതോറിട്ടി അറിയിച്ചു. 14-ാം വാർഡിലെ വാച്ചാക്കൽ പടിഞ്ഞാറ് 42 കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടിയിട്ടില്ലെന്ന് ഹർജിക്കാരൻ അറിയിച്ചു. 14-ാം വാർഡ് നിവാസികൾ കക്ഷി ചേരാൻ കോടതിയുടെ അനുമതി തേടി. ഹർജി 19ന് വീണ്ടും പരിഗണിക്കും.