
കൊച്ചി: കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 10.30 വരെയായി ദീർഘിപ്പിച്ചു. പേട്ടയിൽ നിന്ന് ആലുവയിലേക്കും, ആലുവയിൽ നിന്ന് പേട്ടയിലേക്കും ദിവസവും അവസാന ട്രെയിൻ രാത്രി 10.30ന് പുറപ്പെടും. രാത്രി 9.30 മുതൽ 10.30 വരെ 20 മിനിറ്റ് ഇടവിട്ട് ട്രെയിനുകളുണ്ടാകും. ഡിസംബർ 20 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ രാത്രി 10.30 വരെ ട്രെയിൻ സർവീസുണ്ടായിരുന്നു. ഈ സമയത്ത് യാത്രക്കാരുടെ എണ്ണത്തിൽ ഗുണപരമായ വർദ്ധന ഉണ്ടായതിനെ തുടർന്നാണ് സർവീസ് സ്ഥിരമാക്കിയത്.