bus
അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്

പള്ളുരുത്തി: നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് തീ പിടിച്ചു. ഇടക്കൊച്ചി ചാക്കോളാസ് വാട്ടർ എഡ്ജ് ഫ്ലാറ്റിന് മുന്നിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. ചേർത്തല - തോപ്പുംപടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിന്റെ എൻജിൻ ഭാഗത്തു നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ ഉടൻ വണ്ടി നിറുത്തി. ഇതിനിടെ എൻജിൻ ഭാഗത്ത് തീ ഉയരാൻ തുടങ്ങി. കണ്ടക്ടറും ഡ്രൈവറും ചേർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കി. ബസിന് അടിയിൽ നിന്ന് തീ ഉയരുന്നത് കണ്ട് ചാക്കോളാസ് വാട്ടർ എഡ്ജ് ഫ്ലാറ്റിലെ ജീവനക്കാർ ഫയർ എക്സ്റ്റിംഗ്യുഷറുമായി ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഫ്ലാറ്റിൽ നിന്ന് പൈപ്പ് റോഡിലേക്കെത്തിച്ച് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.

ബസ് ഡ്രൈവർ ഹരികൃഷ്ണൻ, കണ്ടക്ടർ സുഷമകുമാരി എന്നിവരും ഫ്ലാറ്റിലെ ജീവനക്കാരും നാട്ടുകാരും നടത്തിയ അവസരോചിതമായ ഇടപെടൽ മൂലമാണ് വലിയ ദുരന്തം ഒഴിവായത്. സംഭവത്തെ തുടർന്ന് ഇടക്കൊച്ചിയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അരൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റും പള്ളുരുത്തി പൊലീസും സ്ഥലത്തെത്തി. എറണാകുളം, ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ബസ് കെട്ടിവലിച്ച് എറണാകുളം ഡിപ്പോയിലേക്ക് മാറ്റി. 70 യാത്രക്കാർ ബസിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല.

രക്ഷയായത്

സുഷമയുടെ ഇടപെടൽ

കണ്ടക്ടർ സുഷമകുമാരിയുടെ ഇടപെടൽ രക്ഷപ്പെടുത്തിയത് 70 ജീവൻ. സുഷമകുമാരിയാണ് ബസിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നതായി ആദ്യം ശ്രദ്ധിച്ചത്. ഒപ്പം കത്തുന്നതിന്റെ മണം കൂടി ഉയർന്നതോടെ ഡ്രൈവർ ഹരികൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തി ബസ് നിറുത്തിച്ചു. യാത്രാക്കാരോട് എത്രയും പെട്ടെന്ന് പുറത്തിറങ്ങാനും ആവശ്യപ്പെട്ടു. ആളുകളെ ഇറക്കുന്നതിനിടെ ടയറിലേക്ക് തീപടർന്നെങ്കിലും പെട്ടെന്നു തന്നെ ഇരുവരും ചേർന്ന് യാത്രക്കാരെ സമീപത്തു നിന്ന് മാറ്റി. ഇവരെ വേറെ ബസിൽ കയറ്റിവിട്ടു. ചേർത്തല സ്വദേശിയായ സുഷമ ഏഴു വർഷമായി കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ്.