കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് ഇളമ്പകപ്പിള്ളിയിലെ മുത്തംകുളം സംരക്ഷിക്കുന്നതിന് പഞ്ചായത്ത് മാസ്റ്റർപ്ലാൻ റെഡിയാക്കി. കുളങ്ങളുടെ നവീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാൻഫണ്ടിൽ നിന്ന് 2021-22 സാമ്പത്തിക വർഷം 5 ലക്ഷം രൂപ വകയിരുത്തിയെങ്കിലും സാങ്കേതിക അനുമതി കിട്ടിയിരുന്നില്ല. പുറമ്പോക്ക് ഭൂമിയായതിനാൽ പഞ്ചായത്തിന്റെ ആസ്തിരേഖയിൽ ഉൾപ്പെടുത്തുവാൻ കഴിയാത്തതായിരുന്നു കാരണം. ഇപ്പോഴത്തെ ഭരണസമിതി ആസ്തിരേഖയിൽ ഉൾപ്പെടുത്താൻ വേണ്ടിയുള്ള അപേക്ഷ താലൂക്ക് സർവ്വേയർക്ക് കൈമാറുവാൻ തീരുമാനിച്ചിട്ടുണ്ട്. ആസ്തിരേഖയിൽ കയറുന്ന പ്രകാരം മുത്തം കുളഞ്ഞിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ പറഞ്ഞു. മുത്തംകുളത്തിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് എ.പോൾ വാർഡ് മെമ്പർ രജിത ജയ്മോൻ, മുടക്കുഴ സഹകരണബാങ്ക് പ്രസിഡന്റ് ജോഷി തോമസ് എന്നിവർ മുത്തംകുളം സന്ദർശിച്ചു.