ആലുവ: ഭൂഗർഭപൈപ്പ് പൊട്ടിയതിനെത്തുടർന്ന് കുടിവെള്ളം മുടങ്ങി രണ്ട് ദിവസം പിന്നിട്ടും ബദൽ സംവിധാനം ഏർപ്പെടുത്താതെ വാട്ടർ അതോറിട്ടിയും പഞ്ചായത്ത് അധികൃതരും. ഇതോടെ കടുങ്ങല്ലൂർ നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
പ്രധാന ഭൂഗർഭപൈപ്പ് പൊട്ടിയതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി മൂന്ന് ദിവസത്തേക്കാണ് മുപ്പത്തടത്തുനിന്നുള്ള ജലവിതരണം നിർത്തിവച്ചത്. ഇതുസംബന്ധിച്ച് അറിയിപ്പുകൾ മാദ്ധ്യമങ്ങൾ മുഖേന നൽകിയിരുന്നതായി വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. ഭൂരിപക്ഷം മാദ്ധ്യമങ്ങൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ല. അതിനാൽ വാട്ടർ അതോറിട്ടിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്നവർ ഏറെ വലയുന്നു. ഒന്നിലധികം ദിവസം ജലവിതരണം തടസപ്പെട്ടാൽ കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കണമെന്ന ചട്ടവും ടെൻഡർ വിളിക്കണമെന്ന നിയമക്കുരുക്ക് പറഞ്ഞ് കൈമലർത്തുകയാണ് പഞ്ചായത്ത് അധികൃതർ.
വാട്ടർ അതോറിറ്റിയുടെ അവസ്ഥ നാഥനില്ലാക്കളരി പോലെയാണ്. വിളിച്ചാൽ ഫോൺ എടുക്കാൻ പോലും ഉദ്യോഗസ്ഥർക്ക് മടിയാണെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായി കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടുന്ന സാഹചര്യത്തിൽ ഇവ മാറ്റിയിടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.