df

കൊച്ചി: പൊൻവാക്ക് പദ്ധതിപ്രകാരം സംസ്ഥാനത്ത് ആറുമാസത്തിനിടെ തടഞ്ഞത് 17 ശൈശവ വിവാഹങ്ങൾ. സംസ്ഥാനത്തെ ശൈശവ വിവാഹങ്ങൾ തടയാൻ സംസ്ഥാന വനിതാശിശു വികസനവകുപ്പ് ആരംഭിച്ച പദ്ധതിയാണ് പൊൻവാക്ക്. വിവിധ ജില്ലകളിൽ നിന്നായി ആകെ എത്തിയത് 24 പരാതികളാണ്. ഇതിൽ ആറെണ്ണം വ്യാജ പരാതികളായിരുന്നു. ഒരെണ്ണം വിവാഹം കഴിഞ്ഞതിനു ശേഷമാണ് അറിഞ്ഞത്. ശൈശവവിവാഹം സംബന്ധിച്ച വിവരം നൽകുന്നയാൾക്ക് പദ്ധതി പ്രകാരം 2500 രൂപ പാരിതോഷികം നൽകും. പൊതുജന പങ്കാളിത്തത്തോടെ ഇത്തരം വിവാഹങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവരംനൽകുന്ന വ്യക്തിക്ക് പാരിതോഷികം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചത്. ആറുമാസം മുമ്പാണ് പൊൻവാക്ക് പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. ഇതുവരെ 5 പേർക്ക് മാത്രമാണ് 2500 രൂപ പാരിതോഷികം ലഭിച്ചത്. ബാക്കിയുള്ളവർക്ക് പാരിതോഷികം ലഭിക്കാൻ അർഹതയുണ്ടെന്നും നടപടിക്രമം പുരോഗമിക്കുകയാണെന്നും വനിതാശിശു വികസന വകുപ്പ് അധികൃതർ പറഞ്ഞു. ശൈശവവിവാഹം സംബന്ധിച്ച പരാതി ഏറ്റവും കൂടുതൽ ലഭിച്ചത് മലപ്പുറത്ത് നിന്നാണ്. മലപ്പുറത്ത് നിന്ന് ആറു മാസത്തിനിടയിൽ 17പരാതികൾ ലഭിച്ചതിനെ തുടർന്ന് ശൈശവവിവാഹങ്ങൾ തടയാൻ സാധിച്ചു.

കൊല്ലം-1, തൃശ്ശൂർ- 1, പാലക്കാട്-3, കണ്ണൂർ-1, വയനാട്-1 എന്നിങ്ങനെയാണ് പദ്ധതി പ്രകാരംപരാതി ലഭിച്ചത്. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംഭവമറിഞ്ഞാൽ വിവരദാതാവിന്റെ പേരുവിവരം വെളിപ്പെടുത്താതെ ശൈശവവിവാഹ നിരോധന ഓഫീസർ, ജില്ലാ വനിതാശിശു വികസന ഓഫിസർ എന്നിവർക്ക് വിവരം കൈമാറണം. ഒന്നിലധികം പേർ അറിയിച്ചാൽ ആദ്യം വിവരമറിയിച്ച വ്യക്തിക്കാണ് പാരിതോഷികം നൽകുന്നത്.

 ആകെ പരാതികൾ: 24

 വിവരംനൽകിയാൽ പാരിതോഷികം: 2500 രൂപ

 കൂടുതൽ പരാതികൾ: മലപ്പുറം