കൊച്ചി: മത്സ്യ ബന്ധനയാനങ്ങളുടെ പെർമിറ്റ് പരിശോധനാ അപേക്ഷകൾ സ്വീകരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ രേഖകൾ സമർപ്പിക്കാതെ ജില്ലയിലെ യാനങ്ങൾ. പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതയാണ് പ്രതിസന്ധിക്ക് കാരണം. ഇന്നലെ വരെ 148 ഓളം യാനങ്ങൾ മാത്രമാണ് അപേക്ഷ സമർപ്പിച്ചത്. ജില്ലയിലാകെ 358 മത്സ്യ ബന്ധനയാനങ്ങളാണുള്ളത്. ഇതോടെ 200 ഓളം യാനങ്ങൾക്ക് മണ്ണെണ്ണ സബ്‌സിഡി നിരക്കിൽ ലഭ്യമല്ലാതാവും.
സംസ്ഥാന ഫിഷറി വകുപ്പിന്റെ നേതൃത്വത്തിൽ വരുന്ന 16നാണ് സംയുക്ത പരിശോധന. പരിശോധനാ മാനദണ്ഡപ്രകാരം യാനങ്ങളുടെ കാലാവധി 10 ആയി നിജപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ വള്ളങ്ങൾ ഭൂരിഭാഗവും അർഹത പട്ടികയിൽ നിന്ന് പുറത്ത് പോവും. 2012ന് മുമ്പ് പെർമിറ്റ് ലഭിച്ചതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ പല യാനങ്ങളും ഉൾപ്പെടുന്നു. 15 വർഷമായിരുന്ന കാലാവധിയാണ് ചുരുക്കിയത്. മാനദണ്ഡം പുന:സ്ഥാപിക്കണമെന്നും കാലാവധി പരമാവധി 15 ആക്കണമെന്നും മത്സ്യത്തൊഴിലാളികൾ സംഘടനകൾ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകിയിട്ടും നിരാശയായിരുന്നു ഫലം.
പൊതുവിതരണ സംവിധാനത്തിൽ നിന്നും മത്സ്യഫെഡിൽ നിന്നും സംബ്‌സിഡി നിരക്കിൽ എണ്ണ ലഭിക്കണമെങ്കിൽ പെർമിറ്റ് അടിസ്ഥാന മാനദണ്ഡമാണ്. എൻജിനുകളുടെ സംയുക്ത പരിശോധന ഓരോ മൂന്നുവർഷം കൂടുമ്പോഴുമാണ് നടക്കുക. എന്നാൽ 2015 ന് ശേഷം പരിശോധന നടന്നില്ല. ഇതിനാൽ പിന്നീട് രജിസ്റ്റർ ചെയ്ത യാനങ്ങൾക്ക് പെർമിറ്റും ലഭിച്ചിട്ടില്ല.
ഇരുപത് വർഷം മുമ്പ് ഒരു എൻജിന് സബ്‌സിഡി നിരക്കിൽ ലഭിച്ചിരുന്ന 600 ലിറ്റർ എണ്ണ അടുത്തിടെ 129 ലിറ്ററാക്കി വെട്ടിക്കുറക്കുകയുണ്ടായി. ഒരു മാസത്തേക്ക് ലഭിക്കുന്ന ഈ വിഹിതം ഒരു ദിവസംപോലും തികയാത്ത അവസ്ഥയാണ്. ഇപ്പോഴാകട്ടെ ഇത് 40-60 ലിറ്ററായി കുറഞ്ഞിരിക്കുകയുമാണ്. കരിഞ്ചന്തയിൽ നിന്നും അവർ നിശ്ചയിക്കുന്ന വിലയ്ക്ക് മണ്ണെണ്ണ വാങ്ങിക്കേണ്ട ഗതികേടിലാണ് തൊഴിലാളികൾ.
വയസും പ്രതിസന്ധി
വള്ളങ്ങളുടെ ലൈസൻസ് പുതുക്കുമ്പോൾ ഉടമസ്ഥരുടെ പ്രായം 60 വയസായി നിജപ്പെടുത്തിയിട്ടുണ്ട്. പല യാനങ്ങളുടെയും ഉടമസ്ഥരുടെ പ്രായം 60 വയസ്സുകഴിഞ്ഞിരിക്കുകയുമാണ്. 8ന് മുമ്പ് ഇവർക്ക് ഉടമസ്ഥത കൈമാറാനുമാവില്ല. പുതുക്കിയ സമുദ്ര മത്സ്യബന്ധന നിയമ പ്രകാരം മതിയായ ലൈസൻസില്ലാത്ത യാനങ്ങൾ പിടിച്ചെടുക്കപ്പെടുകയും അവയ്ക്ക് പിഴയൊടുക്കുകയും ചെയ്യേണ്ടിവരും.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഫിഷറീസ് വകുപ്പുമന്ത്രിക്കും ഫിഷറീസ് ഡയറക്ടർക്കും നിവേദനം സമർപ്പിച്ചിട്ടും അനുകൂലമായ തീരുമാനമുണ്ടായില്ല. തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി യോജിച്ച ക്യാമ്പയിനും പ്രക്ഷോഭങ്ങൾക്കും സംഘടന പരിപാടികളാവിഷ്‌ക്കരിച്ചിട്ടുണ്ട്.ചാൾസ് ജോർജ്ജ്
സംസ്ഥാന പ്രസിഡന്റ്
കേരള മത്സ്യത്തൊഴിലാളി ഐക്യ വേദി (ടി.യു.സി.ഐ)