ആലുവ: വികസനമുരടിപ്പും അഴിമതിയാരോപണവുമെല്ലാം നിലനിൽക്കെ എടത്തല ഗ്രാമപഞ്ചായത്തിൽ ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും മൂന്നാറിലേക്ക് വിനോദയാത്ര നടത്തിയത് കോൺഗ്രസിലും യു.ഡി.എഫിലും വിവാദമായി. എൽ.ഡി.എഫ് നയിക്കുന്ന ഭരണപക്ഷത്തിനെതിരെ സമരപ്രഖ്യാപനത്തിന് തീരുമാനിച്ചിരിക്കെ സംയുക്തമായി വിനോദയാത്രക്ക് പോയത് മുന്നണിക്ക് ക്ഷീണമായെന്നാണ് യു.ഡി.എഫ് പക്ഷത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നത്.
ഭരണസമിതി ചുമതലയേറ്റ് ഒരുവർഷം കഴിഞ്ഞെങ്കിലും ഇതുവരെ കാര്യമായ വികസനപ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരായ കേസും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അഴിമതിയും പ്രതിപക്ഷ മെമ്പർമാർക്കെതിരെയുള്ള ഭരണപക്ഷത്തെ ചിലരുടെ അവഹേളനങ്ങളും നിലനിൽക്കെയാണ് ഭരണ - പ്രതിപക്ഷ മെമ്പർമാർ സംയുക്തമായി വിനോദയാത്ര പോയത്. യു.ഡി.എഫ് പ്രഖ്യാപിച്ച സമരത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പഞ്ചായത്ത് ഭരണത്തിനെതിരെ മുന്നണിയുടെ സമരപ്രഖ്യാപനം ഉണ്ടായെങ്കിലും മോഫിയ പർവീൺ സമരത്തെത്തുടർന്ന് മാറ്റിയിരുന്നു. പുതുക്കിയ തീയതി പ്രഖ്യാപിക്കാത്തതിൽ പ്രവർത്തകർ ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടയിലാണ് ടൂർവിവാദവും. ശക്തമായ സമരം ആരംഭിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പഞ്ചായത്ത് പാർലമെന്ററി പാർട്ടിയും വീണ്ടും തീരുമാനിച്ചെങ്കിലും അനിശ്ചിതമായി നീളുകയാണ്.