പെരുമ്പാവൂർ: കൂവപ്പടി കൂടാലപ്പാടിൽ പണം വച്ചുള്ള ചീട്ടുകളി നാട്ടുകാർക്ക് തലവേദനയാകുന്നു. കല്ലറയ്ക്കൽ മഹാവിഷ്ണു ക്ഷേത്രം റോഡിന്റെ ഇടതുവശത്തുളള പാടത്താണ് ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെ ചീട്ടുകളി നടത്തുന്നത്. രാത്രി ഏഴിന് തുടങ്ങിയാൽ നേരം വെളുക്കും വരെ ചീട്ട് കളിയുണ്ടാവുമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മദ്യപാനവും അടിപിടിയും സ്ഥിരം സംഭവമാണ്. നെല്ലിക്കുഴി, ആലുവ, കാലടി, മലയാറ്റൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നും ചീട്ടുകളിക്കാനായി പലരും എത്തുന്നുണ്ട്. രേഖാമൂലമല്ലാതെ നാട്ടുകാരിൽ ചിലർ പരാതി പറഞ്ഞെങ്കിലും പരാതിക്കാരന്റെ വീട്ടിൽ വിളിച്ച് ഗുണ്ടകൾ ഭീഷണപ്പെടുത്തുകയാണുണ്ടായത്. ആലുവ എസ്.പിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ.