 
ആലുവ: ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കടുങ്ങല്ലൂർ - എടയാർ റോഡിൽ ഷാപ്പുപടിക്കുസമീപം റോഡരികിൽ സ്ഥാപിച്ച ട്രാൻസ്‌ഫോർമർ അപകടക്കെണിയായി. വർഷങ്ങൾക്ക് മുമ്പ് ഇതുവഴി ഇത്രയേറെ വാഹനങ്ങളൊന്നും സഞ്ചരിക്കാതിരുന്ന കാലത്താണ് ഇവിടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്.
എന്നാൽ വാഹനത്തിരക്കേറിയിട്ടും ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കാതെ അധികൃതർ ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ട്രാൻസ്‌ഫോമർ മാറ്റിസ്ഥാപിക്കണമെന്ന് പൊലീസും മോട്ടർ വാഹനവകുപ്പും നേരത്തെ റിപ്പോട്ട് നൽകിയിട്ടും കെ.എസ്.ഇ.ബി പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. അപകടകരമായ വളവു കഴിഞ്ഞു വരുന്ന ഭാഗമായതിനാൽ വാഹനം ട്രാൻസ്‌ഫോർമറിൽ ഇടിക്കാൻ സാദ്ധ്യത കൂടുതലാണ്.
ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ഇവിടെ മൂന്ന് അപകടങ്ങളാണുണ്ടായത്. ഇതിൽ പരിക്കേറ്റ രണ്ടുപേർ ഇപ്പോഴും ആശുപത്രിയിലാണ്. കുറച്ചുനാൾ മുമ്പ് മിനി ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ കണിയാംകുന്ന് സ്വദേശി സജീവൻ മരണമടഞ്ഞിരുന്നു. ട്രാൻസ്‌ഫോർമറാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.