
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ചതു സ്റ്റേ ചെയ്‌ത സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 11നു പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവാണ് നൽകിയതെന്നും വിഷയം അവിടെത്തന്നെ ഉന്നയിച്ചു തീർപ്പാക്കുന്നതാണ് ഉചിതമെന്നും അപ്പീൽ പരിഗണിക്കവേ ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നു വിലയിരുത്തിയാണ് സംസ്ഥാന സർക്കാരിന്റെ നടപടി സിംഗിൾബെഞ്ച് സ്റ്റേ ചെയ്തത്. കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സ്റ്റേ അനുവദിച്ചത്.