 
മൂവാറ്റുപുഴ: ശാസ്ത്രരംഗം മൂവാറ്റുപുഴ ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ പായിപ്ര ഗവ യു.പി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനി പി.എം. ഹംദ ഒന്നാംസ്ഥാനം നേടി. പായിപ്ര പഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡുകളിലായി 16 ഏക്കറോളം സ്ഥലത്ത് സമുദ്രനിരപ്പിൽ നിന്ന് 300 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പോയാലിമലയുടെ ചരിത്രമെഴുതിയാണ് ഹംദ ഒന്നാമതെത്തിയത്.
പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും പ്രാദേശിക ചരിത്രകാരൻമാരുമായി അഭിമുഖം നടത്തിയും മല സന്ദർശിച്ചുമാണ് ഹംദ വിവരശേഖരണം നടത്തിയത്. ആലിപോയ മലയെന്ന ഐതിഹ്യവും മലമുകളിലെ കിണറും മൊട്ടക്കുന്നുകളും പാറയിൽ കാണുന്ന കാല്പാദവും കുതിരയുടെ കുളമ്പുപോലെയുള്ള രൂപവുമെല്ലാം ഹംദ വിശദീകരിക്കുന്നുണ്ട്. ഔദ്യോഗികമായി ടൂറിസം പ്രോജക്ട് നടപ്പിലാക്കിയില്ലെങ്കിലും സാഹസികയാത്ര ഇഷ്ടപ്പെടുന്ന ധാരാളം പേർ മലകാണാനെത്തുന്നുണ്ട്. ചെറുവട്ടൂർ പാക്കോളിൽ പി.എൻ. മുഹമ്മദിന്റെയും എ സലീനയുടെയും രണ്ടാമത്തെ മകളാണ് ഹംദ.
ശാസ്ത്രരംഗം പ്രവൃത്തിപരിചയ മേളയിൽ ഇതേ സ്കൂളിലെ അഹമ്മദ് വസീമും ഉപജില്ലയിൽ ഒന്നാംസ്ഥാനം നേടി .സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ കുട്ടികളെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി, പി.ടി.എ അംഗം എ.കെ. യൂസുഫ്, ഷെമീന പി. എം, അദ്ധ്യാപകരായ സെലീന എ, കെ.എം .നൗഫൽ എന്നിവർ സംസാരിച്ചു.