car-accident-
കടയിലേക്ക് ഇടിച്ചുകയറിയ കാർ

പറവൂർ: പറവൂർ - ചേന്ദമംഗലം റോഡിൽ കരിമ്പാടത്ത് നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. റോഡിന്റെ എതിർഭാഗത്തുള്ള ആദിത്യ പെറ്റ്സ് വേൾഡ് എന്ന കടയിലേക്കാണ് ഇടിച്ചുകയറിയത്. കടയിലെ ജീവനക്കാരി വീണെങ്കിലും പരിക്കില്ല. വാഹനത്തിലുണ്ടായിരുന്നവർക്കും പരിക്കില്ല. കൊടുങ്ങല്ലൂരിലുള്ള രണ്ട് സിനിമാ പ്രവർത്തകരാണ് കാറിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ഷൂട്ടിംഗ് കഴിഞ്ഞ് വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം.

കാർ ആദ്യം ഒരു വീടിന്റെ മതിൽ ഇടിച്ചുതകർത്തു. പിന്നീടാണ് കടയിലേക്ക് ഇടിച്ചുകയറിയത്. മൂന്നു മുറികളുള്ള കെട്ടിടത്തിൽ രണ്ട് മുറികളുടെ മുൻഭാഗം തകർന്നു. കടയിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന അക്വേറിയങ്ങൾ പൊട്ടി ഒട്ടേറെ അലങ്കാരമത്സ്യങ്ങൾ ചത്തു. കൂടുകൾ തകർന്നതിനാൽ കിളികൾ ഉൾപ്പെടെയുള്ളവ നഷ്ടമായി. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറിന്റെ മുന്നിലും പുറകിലും വി.ഐ.പി എന്ന് സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.