കൊച്ചി: കൊവിഡിനും കൊതുകിനുമെതിരെ പോരാട്ടം ശക്തമാക്കാനൊരുങ്ങി കോർപ്പറേഷൻ. മൂന്നാം കൊവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്തുന്നത്. കൊവിഡ് ഭീഷണി മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികൾ വേണമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കാൻ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസങ്ങളും വിവിധ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഡി.എം.ഒ, കൊവിഡ് നോഡൽ ഓഫിസർ എന്നിവരെ ഉൾപ്പെടുത്തി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുമെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.

 ഫോഗിംഗ് തുടങ്ങും

ഈ മാസം 10 മുതൽ ഫെബ്രുവരി 10 വരെ എട്ടുവാഹനങ്ങളിലായി പവർ സ്‌പ്രേ ഫോഗിംഗ് നടത്തുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ് അറിയിച്ചു. അഞ്ച് വാഹനങ്ങൾ കിഴക്കൻ മേഖലയിലും മൂന്നുവാഹനങ്ങൾ പടിഞ്ഞാറൻ മേഖലയിലും ഇതിനായി സജ്ജീകരിച്ചു. രാവിലെ അഞ്ചു മുതൽ ഏഴുവരെ ഫോഗിംഗ്, 7.30 മുതൽ 12.30 വരെ പവർ സ്‌പ്രേ, വൈകിട്ട് ആറുമുതൽ എട്ടുവരെ ഫോഗിംഗ് എന്നിങ്ങനെയാണ് പ്രവർത്തിക്കുക. ഇതിനായി അഞ്ച് പവർ സ്‌പ്രേയറും നാല് ഫോഗിംഗ് യന്ത്രങ്ങളും പുതിയതായി വാങ്ങും. 21 സർക്കിളുകൾ കേന്ദ്രീകരിച്ച് നിലവിലെ തൊഴിലാളികളെ കൊണ്ട് ഹാൻഡ് സ്‌പ്രേ ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

 എസ്.പി.വി രൂപീകരിക്കും

വൈപ്പിൻ- ഫോർട്ടുകൊച്ചി റോ റോ സർവീസ് കാര്യക്ഷമമാക്കാൻ എസ്.പി.വി രൂപവത്കരിക്കുന്നതിന് മുന്നോടിയായി കൗൺസിലർമാരുടെ സബ്കമ്മിറ്റി രൂപവത്കരിച്ചു. ബെനഡിക്ട് ഫെർണാണ്ടസ്, ആന്റണി കുരീത്തറ, പ്രിയ പ്രശാന്ത്, ഹെൻറി ഓസ്റ്റിൻ, വി.കെ. മിനിമോൾ, വി.എസ്. വിജു എന്നിവർ അടങ്ങിയതാണ് സബ്കമ്മിറ്റി. മൂന്നാമത് ഒരു റോറോ കൂടി ലഭ്യമാക്കാൻ കൊച്ചി ഷിപ്പ്‌യാർഡിനോട് അഭ്യർത്ഥിക്കുമെന്ന് മേയർ അറിയിച്ചു.