കൊച്ചി: വസ്തു നികുതി ഒാൺലൈനായി അടയ്ക്കാനുള്ള സൗകര്യം കൊച്ചി കോർപ്പറേഷനിൽ മേയ് ഒന്നിനകം നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒാൺലൈനായി വസ്തു നികുതി അടയ്ക്കാനുള്ള സൗകര്യമൊരുക്കാൻ ആറു മാസം കൂടി സമയം വേണമെന്ന നഗരസഭയുടെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. കഴിഞ്ഞ സെപ്തംബറിൽ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നു. അതിനാൽ നാലു മാസം കൂടി സമയം മതിയെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും ഒാൺലൈൻ വഴി വസ്തു നികുതി അടയ്ക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടും കൊച്ചി കോർപ്പറേഷനിൽ മാത്രം ഇതിനുള്ള സൗകര്യമില്ലെന്നാരോപിച്ച് കലൂർ ആസാദ് റോഡിൽ ജി. കൃഷ്ണകുമാർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്.