ആലങ്ങാട്: പത്താംക്ലാസ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.

വെളിയത്തുനാട് സ്വദേശിനിയായ 15കാരിയുടെ മരണത്തെകുറിച്ചുള്ള അന്വേഷണം ഇതോടെ പുതിയ വഴിത്തിരിവിലെത്തി. ഡിസംബർ 22ന് കുട്ടി സ്‌കൂളിൽ നിന്നു മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തെരച്ചിലിനിടെ പിറ്റേന്ന് തടിക്കക്കടവ് പാലത്തിനു സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി പാലത്തിന് അടുത്തേക്ക് നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പാലത്തിനു സമീപത്തു നിന്ന് സ്‌കൂൾ ബാഗും ചെരിപ്പും മറ്റും ലഭിച്ചു. പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പ്രാഥമികാന്വേഷണം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കുട്ടി ഒന്നിലധികം തവണ പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. അതേസമയം, മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കേസിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നു കരുതുന്ന സുഹൃത്തിനെയും നാലു സഹപാഠികളെയും പൊലീസ് ചോദ്യം ചെയ്തു.

ദിവസങ്ങളായി പെൺകുട്ടി മാനസിക സമ്മർദത്തിലായിരുന്നെന്ന് സ്‌കൂൾ അധികൃതർ വെളിപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുമ്പു വരെ ഇവരുടെ കുടുംബം താമസിച്ചിരുന്ന പാനായിക്കുളത്തും അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പരിശോധിക്കുന്നു. ആലുവ വെസ്റ്റ് സി.ഐ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.