 
പള്ളുരുത്തി: കൊവിഡ് കാലത്ത് നിർദ്ധന കുടുംബങ്ങളിലെ രോഗികളുടെ ദുരിതാവസ്ഥ മനസ്സിലാക്കി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കലും സുഹൃത്തുക്കളും ജീവനം എന്ന പേരിൽ ഒരു പദ്ധതിക്ക് രൂപം നൽകി. നിർദ്ധന കുടുംബങ്ങളിലെ രോഗികൾക്ക് ആവശ്യമായ മരുന്ന് എല്ലാ മാസവും സൗജന്യമായി വാങ്ങി വീട്ടിൽ എത്തിച്ചു നൽകുന്നതാണ് ജീവനം പദ്ധതി. ഒരു മാസം പരമാവധി 1500 രൂപയുടെ മരുന്നാണ് വാങ്ങി നൽകുന്നത്. 2021 മാർച്ച് മുതലാണ് പദ്ധതി ആരംഭിച്ചത്. കുമ്പളങ്ങി നോർത്ത് ബ്ലോക്ക് ഡിവിഷനിലെ നാലു വാർഡുകളിലെ രോഗികളെ സഹായിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇതുവരെ കുമ്പളങ്ങി പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലും ചെല്ലാനം പഞ്ചായത്തിലുമായി 42 രോഗികൾക്ക് മരുന്ന് വാങ്ങി വീട്ടിലെത്തിച്ചു നൽകി.
മരുന്ന് ആവശ്യമില്ലാത്ത രോഗികളുള്ള 13 കുടുംബങ്ങൾക്ക് മേയ് മുതൽ അഞ്ച് മാസത്തേക്ക് 500 രൂപ വീതം ധനസഹായം നൽകാനും സാധിച്ചു. ഫിസിയോ തെറാപ്പി ചെയ്യുന്നവർക്ക് യാത്രാ ചെലവും ജീവനത്തിന്റെ ഭാഗമായി നൽകുന്നുണ്ട്. ഓരോ വാർഡിലെയും ചുമതല ഓരോ യുവാക്കൾക്ക് നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. സുമനസുകളുടെ സഹായത്തോടെയാണ് തുക കണ്ടെത്തുന്നത്. വർഗ്ഗീസ് ചക്കാലക്കൽ, ജെസ്റ്റിൻ ആലുങ്കൽ, സോജൻ പുത്തൻപുരക്കൽ, ആന്റണി ജിബിൻ, സെൽജൻ കുറുപ്പശ്ശേരി, സുനി വട്ടത്തറ, ഫ്രാൻസീസ് ഷിബിൻ, സോണി ആലുങ്കൽ, ചാൾസ് തൈക്കൂട്ടത്തിൽ, ജോർജ് ജോബിൻ, മനു ചെള്ളാത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്.