കൊച്ചി: ജനുവരി പത്തു മുതൽ കൊച്ചി നഗരത്തിൽ ലൈസൻസില്ലാത്ത വഴിയോരക്കച്ചവടക്കാരെ അനുവദിക്കരുതെന്ന് ഹൈക്കോടതി നഗരസഭയ്ക്ക് കർശന നിർദ്ദേശം നൽകി. വിവിധ ഡിവിഷനുകളിൽ രൂപം നൽകിയിട്ടുള്ള ജാഗ്രതാസമിതികൾ അനധികൃതമായി വഴിയോരക്കച്ചവടം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വിവരം നഗരസഭയെ അറിയിക്കണം. ഇങ്ങനെ വിവരം ലഭിച്ചാൽ നഗരസഭ നടപടിയെടുക്കണമെന്നും ഇതിനായി പൊലീസിന്റെയോ മറ്റോ സഹായം വേണമെങ്കിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെയോ ജില്ലാ കളക്ടറെയോ വിവരം അറിയിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദ്ദേശിച്ചു. നഗരസഭ ആവശ്യപ്പെട്ടാൽ കമ്മിഷണറും കളക്ടറും സഹായം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കൊച്ചി നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾ തടയണമെന്നതടക്കമുള്ള ഒരുകൂട്ടം ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വഴിയോരക്കച്ചവടത്തിന് ലൈസൻസ് (വെൻഡിംഗ് ലൈസൻസ്) ഉള്ളവർ സ്ട്രീറ്റ് വെൻഡിംഗ് പ്ളാൻ പ്രകാരം വഴിയോരക്കച്ചവടം അനുവദിച്ചിട്ടുള്ള മേഖലയിൽ മാത്രമേ കച്ചവടം നടത്താവൂ. അനുമതിയില്ലാത്ത മേഖലയിൽ കച്ചവടം നടത്തുന്നവർ അനുമതിയുള്ള മേഖലയിലേക്ക് മാറണം. കച്ചവടക്കാർ ലൈസൻസ് എപ്പോഴും കൈയിൽ കരുതണം. പരിശോധനയ്ക്ക് ആവശ്യപ്പെട്ടാൽ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ലൈസൻസ് ലഭിക്കാത്തവർക്ക് അപ്പീൽ നൽകാം.
ഡിസംബർ 30 വരെയുള്ള കണക്കനുസരിച്ച് 1070 പേർക്കാണ് വഴിയോരക്കച്ചവടത്തിന് ലൈസൻസ് നൽകിയിട്ടുള്ളത്. 2021 നവംബർ 23 മുതൽ ഡിസംബർ അഞ്ചുവരെയുള്ള കാലയളവിൽ അപേക്ഷ നൽകിയവരിൽ 1589 പേർക്ക് ലൈസൻസിന് അർഹതയുണ്ടെന്ന് ഇതിനായുള്ള സബ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇവരുടെ കാര്യത്തിൽ ജാഗ്രതാ സമിതികളെയും കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ച് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും 1239 അപേക്ഷകൾ നിരസിച്ചെന്നും നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇവർക്ക് അപ്പീൽ നൽകാനുള്ള വിവരങ്ങളും നഗരസഭ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ലൈസൻസിന് അർഹതയുണ്ടെന്ന് സബ് കമ്മിറ്റി കണ്ടെത്തിയ 1589 പേർക്ക് ഒരു മാസത്തിനുള്ളിൽ താത്കാലിക ലൈസൻസ് നൽകണം. ഒരു മാസത്തേക്കാണ് ഇതു നൽകേണ്ടത്. ഇക്കാലയളവിൽ പരിശോധന പൂർത്തിയാക്കി ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.