inograstion
കുഴുപ്പിള്ളിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സബ് രജിസ്ട്രാർ ഓഫീസ്

വൈപ്പിൻ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സർക്കാർ ഓഫീസ് ഒരു വർഷമായിട്ടും തുറന്ന് പ്രവർത്തിക്കാതെ അനിശ്ചിതത്വത്തിൽ. കുഴുപ്പിള്ളി സബ് രജിസ്ട്രാർ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിട്ട് ഇന്ന് ഒരുവർഷം തികയുകയാണ്. ആധുനിക രീതിയിൽ നിർമ്മിച്ച ഓഫീസ് മന്ദിരത്തിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. നിർമ്മാണ ജോലികൾ മുഴുവൻ പൂർത്തീകരിച്ചതിനുശേഷം തുറന്ന് പ്രവർത്തിക്കാവുന്ന സ്ഥിതിയിലാണ് ഉദ്ഘാടനം നടന്നത്. കാഴ്ചയ്ക്കും ഏറെ മനോഹരമാണ് ഈ മന്ദിരം.
കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ നിലവിലെ സബ് രജിസ്ട്രാർ ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയ്ക്ക് തൊട്ടുമുമ്പിലാണ് പുതിയതായി നിർമ്മിച്ച സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം. നിലവിലെ ഓഫീസിൽനിന്ന് റെക്കാഡുകൾ പുതിയ ഓഫീസിലേക്ക് മാറ്റുന്നതിന് ചുമട്ട് തൊഴിലാളി ബോർഡ് മുഖേന ക്വട്ടേഷൻ വാങ്ങി. എന്നാൽ തുക കൂടുതലായതിനാൽ വകുപ്പ് അംഗീകരിച്ചില്ല. മറ്റ് മാർഗ്ഗങ്ങൾ തേടുകയും ചെയ്തില്ല. റെക്കാഡുകൾ മാറ്റാൻ കഴിയാത്തതിനാലാണ് പഴയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം തുടരുന്നത്.
നിലവിലെ ഓഫീസ് മന്ദിരം ഏറെ പഴക്കമുള്ളതാണ്. ഓട് മേഞ്ഞതെങ്കിലും ഈ കെട്ടിടത്തിന് ബലക്ഷയമോ ജീർണതയോ ഒന്നുമില്ലെങ്കിലും സ്ഥലപരിമിതി കണക്കിലെടുത്താണ് പുതിയ മന്ദിരം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയത്. ഇപ്പോഴത്തെ കെട്ടിടം പൊളിച്ചുകളയാതെ പൈതൃക സ്മാരകമായി നിലനിർത്തി സംരക്ഷിക്കണമെന്നാണ് ആവശ്യം.