 
കുറുപ്പംപടി: സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മലേറിയ എലിമിനേഷൻ പരിപാടിയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളും മലേറിയ മുക്ത പ്രഖ്യാപനം നടത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. പഞ്ചായത്തുതല പ്രവർത്തനങ്ങൾ കൃത്യമായി നടത്തി മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രദേശം മലേറിയ മുക്ത പഞ്ചായത്ത് ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഒരു തദ്ദേശീയ മലേറിയ കേസ് പോലും ഉണ്ടായിട്ടില്ല. മാത്രമല്ല കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഒരു മലേറിയ മരണം പോലും പഞ്ചായത്ത് പ്രദേശത്ത് ഉണ്ടായിട്ടുമില്ല. പഞ്ചായത്ത് മേഖലയിലെ പനി നിരീക്ഷണ പരിശോധന കഴിഞ്ഞ അഞ്ച് വർഷവും പത്തു ശതമാനത്തിന് അടുത്താണ്. ഒപ്പം ഇതര ദേശ തൊഴിലാളികളുടെ പനി വിവരശേഖരണവും സമയബന്ധിതമായി പൂർത്തിയാക്കിയാണ് മുടക്കുഴ ഗ്രാമ പഞ്ചായത്ത് ഈ അസുലഭ നേട്ടം സ്വന്തമാക്കിയത്. മലേറിയ എലിമിനേഷൻ പ്രഖ്യാപനം മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോസ് അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. രാജിക കുട്ടപ്പൻ മലേറിയ എലിമിനേഷൻ പദ്ധതിയെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ ജിജി പി .തോമസ് പഞ്ചായത്ത് തലത്തിലും വാർഡ്തലത്തിലും നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ഡോളി മത്തായിക്കുട്ടി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് എ.പോൾ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സ, പഞ്ചായത്ത് മെമ്പർമാരായ ബിന്ദു ഉണ്ണി, രജിത ജെയ്മോൻ, അനാമിക ശിവൻ, സോമി ബിജു, സുനിത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സലീം ആരോഗ്യ പ്രവർത്തകരും ആശാപ്രവർത്തകരും പങ്കെടുത്തു.