ആലങ്ങാട്: വെളിയത്തുനാട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ അന്വേഷണത്തിന് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ആലുവ വെസ്റ്റ് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ആലുവ നാർക്കോട്ടിക് ഡിവൈ.എസ്.പി. സക്കറിയ മാത്യുവിന് ചുമതല കൈമാറി​ത്.

സ്‌കൂളിൽ നിന്നു മടങ്ങും വഴി കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം ഡി​സംബർ 23ന് പെരിയാറിലാണ് കണ്ടെത്തി​യത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചനയെ തുടർന്നാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.

ലൈംഗിക പീഡനം സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടും പൊലീസ് ഗൗരവമായെടുത്തി​ല്ല. മൊബൈൽ ഫോൺ​ വിവരങ്ങൾ അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച്ചയുണ്ടായി. പെൺകുട്ടിയുമായി അടുത്ത് ഇടപഴകിയ സുഹൃത്തുക്കളുടെയും മറ്റും മൊഴിയെടുത്തതല്ലാതെ അന്വേഷണം മുന്നോട്ടുപോയി​ല്ല. പെൺകുട്ടിയുടെ മാതാപിതാക്കളെ പോലും പോസ്റ്റുമോർട്ടത്തിലെ പരാമർശം അറിയിച്ചില്ല.

അസി. കമ്മിഷണർ കെ. ലാൽജി ഇന്നലെ ആലുവ വെസ്റ്റ് സ്‌റ്റേഷനിൽ എത്തി അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. ഉണ്ണികൃഷ്ണനിൽ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞിരുന്നു. പുതിയ അന്വേഷണസംഘം ഇന്ന് സംഭവ സ്ഥലം സന്ദർശിക്കും.

* സാമ്പി​ൾ പരി​ശോധനയും വൈകി​

ഡി​സംബർ 24ന് പോസ്റ്റുമോർട്ടത്തി​ന് ശേഷം മുങ്ങി മരണവും ലൈംഗിക പീഡനവും സംബന്ധിച്ച ശാസ്ത്രീയ പരിശോധനകൾക്കായി രണ്ട് സാമ്പിളുകളാണ് കാക്കനാട് ഫോറൻസിക് ലാബിലേക്ക് അയച്ചത്. മുങ്ങി മരണം സംബന്ധിച്ച സാമ്പിളുകൾ പരിഗണിക്കാൻ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാൽ പോക്സോ കേസിൽ ഒരു ദിവസം പോലും താമസിക്കാറി​ല്ല. സംഭവം നടന്ന് രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും പരിശോധന ആരംഭിക്കാത്തത് അന്വേഷണത്തിലെ അലംഭാവമാണെന്ന് ആക്ഷേപമുണ്ട്.