കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ എഴിപ്രം, മഴുവന്നൂർ പള്ളിത്താഴം പ്രദേശങ്ങളിൽ പരസ്യമദ്യപാനവും മദ്യ വില്പനയും വ്യാപകമാകുന്നതായി പരാതി. മഴുവന്നൂർ കോലഞ്ചേരി റോഡിൽ ആളൊഴിഞ്ഞ പ്രദേശത്തുള്ള റബർതോട്ടം കേന്ദ്രീകരിച്ചാണ് അനധികൃത മദ്യവില്പനയും പരസ്യ മദ്യപാനവും നടക്കുന്നത്. രാവിലെ തുടങ്ങുന്ന മദ്യപാനം രാത്രി വൈകിയും തുടരുന്ന അവസ്ഥയാണ്. പരസ്യ മദ്യപാനം ചോദ്യം ചെയ്യുന്നവരെ അസഭ്യം പറയുന്നതായും പരാതിയുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പകൽ പോലും ഇതുവഴി നടക്കാൻ ബുദ്ധിമുട്ടാണ്. അവധി ദിവസങ്ങളിൽ പോലും മദ്യം വാങ്ങുന്നതിന് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ വരുന്നതായും നാട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് കുന്നത്തുനാട് പൊലീസിലും എക്‌സൈസ് ഓഫീസിലും മഴുവന്നൂർ പഞ്ചായത്തിലും പരാതി നൽകാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.