മൂവാറ്റുപുഴ: പായിപ്ര മേഖലയിൽ മോഷണം വ്യാപകമാകുന്നതായി പരാതി. ചെറിയ മോഷണങ്ങൾ നടക്കാറുണ്ടെങ്കിലും ആരും പുറത്തുപറയുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്യാറില്ല. എന്നാൽ പായിപ്ര സൊസൈറ്റിപ്പടിയിലുള്ള സൈൻ ഓഡിറ്റോറിയത്തിൽ കിടന്ന ജനറേറ്ററിന്റെ ബാറ്ററി മോഷണം പോയതോടെയാണ് കാര്യത്തിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രിയാണ് മോഷ്ടാവ് ബാറ്ററി അഴിച്ചുകൊണ്ടുപോയത്. രാഗം സൗണ്ട് ഉടമ ബിജുവിന്റേതായിരുന്നു ജനറേറ്റർ. വെള്ളിയാഴ്ച ജനറേറ്റർ എടുക്കുന്നതിനായി ചെന്നപ്പോഴാണ് ബാറ്ററി മോഷ്ടിച്ചതായി കാണുന്നത്. മൂവാറ്റുപുഴ പൊലീസിൽ ബിജു പരാതി നൽകി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പായിപ്ര മേഖലയിൽ അനധികൃത മദ്യവില്പനയും മയക്കുമരുന്ന് വില്പനയും ഹാൻസ് പോലുള്ള നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പനയും ഉള്ളതായി സൂചനയുണ്ട്.