കൊച്ചി : കൊച്ചി കോർപ്പറേഷന്റെ എറണാകുളം നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണവും ലഭിച്ചതുടങ്ങി. ആദ്യ ഘട്ടത്തിൽ ഇഡ്ഡലിയും ചട്നിയും സാമ്പാറുമാണെത്തുന്നത്. ഇതോടൊപ്പം ചൂടൻ ചായയും കാപ്പിയുമുണ്ടാകും. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷീബാലാൽ കുടുംബശ്രീ കൊച്ചി ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ മിനി ജോഷിക്ക് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു . അധികം വൈകാതെ ലിബ്രയിലെ സമൃദ്ധി @ കൊച്ചിയിൽ നിന്ന് മസാലദോശ, ഉപ്പുമാവ് തുടങ്ങിയവയും ലഭ്യമാകും. ഒരു സമയത്ത് 250 ഇഡ്ഡലി ഉണ്ടാക്കാൻ കഴിയുന്ന അത്യാധുനിക പാത്രങ്ങൾ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അധികം കാത്ത് നിൽക്കാതെ തന്നെ ആളുകൾക്ക് പ്രഭാത ഭക്ഷണം ലഭിക്കും.
ഇനി മീൻകറിയുമാവാം
പത്ത് രൂപ ഊണിനെന്താ മീൻ കറിയില്ലാത്തത് എന്ന ചോദ്യത്തിന് അവസാനമാകുന്നു. ഫിഷ് ഫ്രൈയ്ക്ക് പുറമേ മീൻകറിയും കഴിഞ്ഞദിവസം മുതൽ വിളമ്പിത്തുടങ്ങി. 30 രൂപയാണ് നിരക്ക്. ഒരു പീസ് മീൻ വറുത്തതിനും ഇതേ വിലയാണ്. ഒരേ സമയം നൂറോളം മത്സ്യക്കഷ്ണങ്ങൾ വറക്കാൻ കഴിയുന്ന അത്യാധുനിക തവയിലാണ് പാചകം. എണ്ണ തീരെ കുറച്ചുമതിയെന്നതാണ് ഇവിടത്തെ പ്രത്യേകത. സാമ്പാർ, രസം എന്നിവയ്‌ക്കെന്ന പോലെ ഫിഷ് മസാലയും ഇവിടെ തന്നെയാണ് തയ്യാറാക്കുന്നത്.
ഭക്ഷണ നിരക്ക്
മൂന്ന് ഇഡ്ഡലി, സാമ്പാർ, ചട്‌നി 20 രൂപ
ഫാമിലി പാക്ക് 20 ഇഡ്ഡലി 100 രൂപ
മീൻ കറി 30 രൂപ
ഉടനെത്തും അത്താഴം
രാവിലെ 7 മുതൽ 9.30 വരെയാണ് പ്രഭാതഭക്ഷണം. 11 മുതൽ 3 വരെയാണ് ഉച്ചഭക്ഷണം. ഹോട്ടലിനോട് ചേർന്നുള്ള ഷീ ലോഡ്ജ് പ്രവർത്തനം ആരംഭിക്കുന്നതോടെ അത്താഴം കൂടി ആരംഭിക്കാനാണ് പദ്ധതി. ദിവസവും ശരാശരി 3500 ഊണുകളാണ് ഇവിടെ വിൽക്കുന്നത്. 2000 പാഴ്‌സലുകളും ഇവിടെ നിന്ന് ചെലവാകുന്നുണ്ട്. ഞായറാഴ്ചകളിൽ 2600 മുതൽ 2800 വരെ വിൽപ്പന നടക്കും