പെൺകുട്ടികളുടെ സമരം അവസാനിച്ചു
ആലുവ: ഹോസ്റ്റലിലെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ ആലുവ യു.സി കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിനികൾ നടത്തിയ സമരം ഒത്തുതീർപ്പായി. കെ.എസ്.യുവിന്റെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ രണ്ടായി തിരിഞ്ഞായിരുന്നു സമരം.
വിദ്യാർത്ഥിനികൾക്ക് രാത്രി ഹോസ്റ്റലിൽ തിരികെ പ്രവേശിക്കുന്നതിനുള്ള സമയ പരിധി ആറ് മണിയിൽ നിന്ന് ഒമ്പത് ആയി ഉയർത്തി. ആറു മണിക്ക് ശേഷം പുറത്തുപോകാൻ 'ലേറ്റ് സ്ളിപ്പി'ൽ രേഖപ്പെടുത്തി റെസിഡന്റ് വാർഡന്റെ അനുമതി തേടണം. എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ച്ചകളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം പുറത്തുപോകാം. എല്ലാ ഞായറാഴ്ച്ചകളിലും ഇളവ് വേണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടെങ്കിലും കോളേജ് സ്റ്റാന്റിംഗ് കൗൺസിലിന്റെ തീരുമാനമുണ്ടെങ്കിലെ നടപ്പാക്കാനാകൂവെന്ന നിലപാടിൽ മാനേജ്മെന്റ് ഉറച്ചുനിന്നു.
കഴിഞ്ഞ 22ന് അഞ്ച് മണിക്കൂർ ഹോസ്റ്റൽ വിദ്യാർത്ഥിനികൾ കോളേജ് കവാടം ഉപരോധിച്ചതിനെ തുടർന്ന് അൻവർ സാദത്ത് എം.എൽ.എ ഇടപ്പെട്ട് ജനുവരി മൂന്നിന് ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. രാഷ്ട്രീയത്തിന് അതീതമായി പെൺകുട്ടികൾ ഒറ്റക്കെട്ടായാണ് അന്ന് സമരം നടത്തിയത്. എന്നാൽ വ്യാഴാഴ്ച്ച കെ.എസ്.യുവും എസ്.എഫ്.ഐയും രണ്ടുവഴിക്കായിരുന്നു സമരം. കെ.എസ്.യു അനിശ്ചിതകാല സത്യാഗ്രഹം നടത്തിയപ്പോൾ എസ്.എഫ്.ഐ പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. ഇന്നലെ ചർച്ചക്ക് ശേഷം സമരം അവസാനിപ്പിച്ചപ്പോൾ ഇരുസംഘടനക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഒരു കോളേജ് ജീവനക്കാരനെ കൈയ്യേറ്റം ചെയ്യാനും ഒരു വിഭാഗം സമരക്കാർ ശ്രമിച്ചു.
പ്രിൻസിപ്പൽ ഡോ. താര കെ. സൈമൺ, ബർസാർ എം.ഐ. പുന്നൂസ്, കെ.എസ്.യു നേതാക്കളായ മിന്നു ജെയിംസ്, ബിൻസി ബിജു, എലിൻ മാത്യു, എസ്.എഫ്.ഐ നേതാക്കളായ ജെ. രശ്മി, ഗോപിക രാമകൃഷ്ണൻ, എമില ജോൺ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.