മൂവാറ്റുപുഴ: ഇടുക്കി കെയർ ഫൗണ്ടേഷന്റെ സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ റൈസിന്റെ ഭാഗമായി നടത്തുന്ന മത്സര പരീക്ഷകളുടെ കോച്ചിംഗ് ക്ലാസുകൾക്ക് പത്താംതീയതി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ ആദരിക്കുക, സിവിൽ സർവീസ് ഉൾപ്പെടെ വിവിധ മത്സരപരീക്ഷകൾക്ക് മികച്ചവിജയം കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് റൈസ് എന്ന പേരിലുള്ള പദ്ധതി എം.പിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നത്. എട്ടാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സൗജന്യമായാണ് പരിശീലന പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. എ.എൽ.എസും സ്പാർക്ക് കേരളയുമാണ് പരിശീലനത്തിന് വേണ്ട അക്കാഡമിക് സപ്പോർട്ട് നൽകുന്നതെന്ന് എം.പി അറിയിച്ചു.