
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നടപടി വൈകാനിടയാക്കില്ലേയെന്ന് ഹൈക്കോടതി. മതിയായ കാരണമില്ലാതെ സാക്ഷികളെ വീണ്ടും വിസ്തരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും പ്രതികളുടെ ഫോൺവിളികളുടെ ഒറിജിനൽ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും വിചാരണക്കോടതി തള്ളിയതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഇക്കാര്യം വാക്കാൽ പറഞ്ഞത്. സാക്ഷിവിസ്താരം നടത്തി മാസങ്ങൾക്കുശേഷമാണ് വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴികളുണ്ടാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് പ്രതിഭാഗം സംശയിക്കുന്നു. വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ ഭാഗത്തെ പാളിച്ചകൾ മറികടക്കാൻ വേണ്ടിയാകരുത്. കേസിൽ പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട് - സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാൽ, ചില സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി.
കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ ചില വെളിപ്പെടുത്തലുകൾ നടത്തിയത് പ്രോസിക്യൂഷൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. എന്നാൽ ഈ വെളിപ്പെടുത്തലുകളും കേസും തമ്മിലെന്താണ് ബന്ധമെന്നും ഇയാളുടെ വെളിപ്പെടുത്തലുകൾ എങ്ങനെയാണ് കേസിനെ സഹായിക്കുകയെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ചോദിച്ചു. അതേസമയം പ്രതികളുടെ ഫോൺ വിളികളുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ പ്രതിഭാഗം എതിർക്കുന്നതെന്തിനാണെന്നും സിംഗിൾബെഞ്ച് ചോദിച്ചു. അധികത്തെളിവുകൾ പരിശോധിക്കുന്നതിന് എന്താണ് തടസ്സമെന്നും ആരാഞ്ഞു. എന്നാൽ, കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണെന്ന് ദിലീപിന്റെ അഭിഭാഷകൻ ആരോപിച്ചു. തുടർന്ന് സിംഗിൾബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റി.