പറവൂർ: അസാധാരണയായി തുടർച്ചയായുള്ള വേലിയേറ്റം തീരപ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യവുമായി വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്ത് ഭരണസമിതികൾ രംഗത്തെത്തി. കഴിഞ്ഞ കുറേനാളുകളായി തീരദേശം ഓരുവെള്ള ഭീഷണിയിലാണ്. തോടുകൾ കവിഞ്ഞ് പറമ്പുകളിലേക്കും വീടുകളുടെ മുറ്റത്തേക്കും വെള്ളമെത്തും. തെങ്ങ് ഒഴികെയുള്ള കാർഷിക വിളകളുടെ നാശത്തിന് ഇത് കാരണമാകും. വീടുകൾക്ക് ബലക്ഷയം സംഭവിക്കും.
കനത്ത കാലവർഷം മൂലമുള്ള മണ്ണൊലിപ്പ് പുഴയുടെ തീരങ്ങൾ താഴാനിടയാക്കിയിട്ടുണ്ട്. എക്കലും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനാൽ പുഴയുടേയും തോടുകളുടേയും ആഴംകുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു. തോടുകളുടെ ആഴംകൂട്ടി ചിറകെട്ടി സംരക്ഷിക്കാൻ ആവശ്യമായ തുക ഹാർബർ എൻജിനിയറിംഗ്, ഇറിഗേഷൻ വകുപ്പുകൾ അനുവദിക്കണമെന്നാണ് പഞ്ചായത്തുകളുടെ ആവശ്യം.