suni

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി പൾസർ സുനിയുടെ (സുനിൽകുമാർ) അമ്മ ശോഭനയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. പൾസർ സുനി അമ്മയ്ക്ക് കൈമാറിയ കത്ത് പുറത്തുവന്നതിന് പിന്നാലെയാണി​ത്. ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. നടിയെ ആക്രമിച്ച കേസിൽ വഴിത്തിരിവായ കത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

2018 മേയ് 7ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൾസർ സുനി അമ്മയ്ക്ക് കത്ത് നൽകിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ കത്ത് പുറത്ത് വിടുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറത്തുവിടണമെന്ന് പറഞ്ഞാണ് കത്ത് സുനി ഏൽപ്പിച്ചതെന്ന് ശോഭന മാദ്ധ്യമങ്ങളോട് പറഞ്ഞു. ദിലീപ് പറഞ്ഞിട്ടാണ് സുനി നടിയെ ആക്രമിച്ചത്. നടിയോട് സുനിക്ക് യാതൊരു വൈരാഗ്യവുമുണ്ടായിരുന്നില്ലെന്നും ശോഭന വെളിപ്പെടുത്തി. പെരുമ്പാവൂർ ഇളമ്പകപ്പിള്ളിയിലെ വീട്ടിലെത്തിയാണ് ശോഭനയുടെ മൊഴി രേഖപ്പെടുത്തിയത്.