പറവൂർ: ദേശീയപാത 66ന്റെ വികസനത്തിന് സ്ഥലം വിട്ടുനൽകുന്നവർ ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും നഷ്ടപരിഹാരതുക ലഭിക്കാൻ കാലതാമസം. സ്ഥലം ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ വില്ലേജ് അടിസ്ഥാനത്തിൽ കോടികൾ സർക്കാർ കൈമാറിയിരുന്നു. രേഖകൾ ഹാജരാക്കുന്ന മുറക്ക് പണം അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. പറവൂരിലെ സ്ഥലമെടുപ്പ് ഓഫീസിൽ മാസങ്ങൾക്കുമുമ്പ് രേഖകൾ ഹാജരാക്കിയവർക്ക് ഇനിയും തുക കിട്ടിയിട്ടില്ല.

മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 24 കിലോമീറ്ററോളം ദൂരത്തിൽ നിലവിലുള്ള 30 മീറ്ററിന് പുറമെ 15 മീറ്റർ കൂടി സ്ഥലമെടുത്ത് 45 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. എട്ട് വില്ലേജുകളിലായി ഇതിനായി 34 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരമായി 1,114 കോടി രൂപയാണ് സ്ഥലമുടമകൾക്ക് നൽകേണ്ടത്. ഇതിൽ 300 കോടി രൂപ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. കഴിഞ്ഞമാസം ഇരുപതിന് മുമ്പ് രേഖകൾ ഹാജരാക്കണമെന്ന് സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. അല്ലെങ്കിൽ നഷ്ടപരിഹാരതുക കോടതിയിൽ കെട്ടിവെച്ച് സ്ഥലം ഏറ്റെടുക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇതനുസരിച്ച് പലരും രേഖകൾ ഹാജരാക്കി. അതിന് മാസങ്ങൾക്ക് മുമ്പേ രേഖകൾ നൽകിയവർ പണത്തിനായി സ്ഥലം ഏറ്റെടുക്കൽ ഓഫീസ് കയറിയിറങ്ങുകയാണ്.

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ നഷ്ടപരിഹാരത്തിന് കാലതാമസം സൃഷ്ടിക്കുന്നതായി ഭൂമുടമകൾ പറയുന്നു. എന്നാൽ ചില വില്ലേജുകളിൽ പരാതികൾക്ക് ഇടനൽകാതെ നഷ്ടപരിഹാരതുക വിതരണം ചെയ്യുന്നുണ്ട്.