 
ആലുവ: നിർമ്മാണ തകരാറിനെ തുടർന്നുണ്ടായ കേടുപാടുകൾ തീർക്കാൻ എടമുള പാലത്തിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അറ്റകുറ്റപ്പണി ആരംഭിച്ചു. പാലത്തിന്റെ കോൺക്രീറ്റിനുണ്ടായ വിള്ളലുകളാണ് പരിഹരിക്കുന്നത്. 2013ൽ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ നബാർഡിന്റെ സഹായത്തോടെയാണ് ചൂർണിക്കര പഞ്ചായത്തിനെയും ഏലൂർ നഗരസഭയെയും ബന്ധിപ്പിച്ച് പെരിയാറിന്റെ കൈവഴിയായ ഇടമുള പുഴയ്ക്ക് കുറുകെ പാലം നിർമ്മിച്ചത്. നാല് വർഷം പിന്നിട്ടപ്പോഴേക്കും പലയിടത്തും കോൺക്രീറ്റിന് പൊട്ടലുണ്ടായി. മൂന്ന് വർഷമാണ് കരാർ പ്രകാരം നിർമ്മാണ കമ്പനി സ്വന്തം നിലയിൽ അറ്റകുറ്റപ്പണി ചെയ്യേണ്ടത്. കരാർ കാലാവധി കഴിഞ്ഞതിനാൽ അറ്റകുറ്റപ്പണി നടന്നില്ല. ഇതേതുടർന്ന് എൻ.വൈ.എസി ഉൾപ്പെടെയുള്ള സംഘടനകൾ പലപ്പോഴായി സ്വന്തം നിലയിൽ കോൺക്രീറ്റ് ചെയ്ത് കുഴികൾ അടക്കുന്ന അവസ്ഥയുണ്ടായി.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം നാല് ലക്ഷത്തോളം രൂപയുടെ എസ്റ്റിേമേറ്റ് തയ്യാറാക്കിയെങ്കിലും അടുത്തിടെയാണ് അംഗീകാരം ലഭിച്ചത്. ഇതേതുടർന്നാണ് തൃപ്പൂണിത്തുറ സ്വദേശിയായ കരാറുകാരന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണിയാരംഭിച്ചത്. രണ്ടാഴ്ച്ചയ്ക്കകം അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പീയൂസ് വർഗീസ് 'കേരളകൗമുദി'യോട് പറഞ്ഞു.