കൊച്ചി: കടവന്ത്രയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശിയും കടവന്ത്രയിൽ ഹോൽസെയിൽ പൂക്കച്ചവടക്കാരനുമായ നാരായണ (41) ആണ് അറസ്റ്റിലായത്. കഴുത്തു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇയാളുടെ അറസ്റ്റ് സൗത്ത് പൊലീസ് രേഖപ്പെടുത്തിയത്. ചികിത്സയിലുള്ള പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്ക് ആത്മഹത്യാ പ്രവണതയുള്ളതിനാൽ മാനസികാരോഗ്യ ചികിത്സയ്ക്കായി തൃശൂരിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നിയമ നടപടിയിലേക്ക് കടക്കുമെന്ന് സൗത്ത് എസ്.എച്ച്.ഒ എം.എസ്. ഫൈസൽ പറഞ്ഞു. ഡിസംബർ 31ന് അർദ്ധരാത്രിയിലാണ് ഭാര്യ ജോയമോൾ(33), മക്കളായ ലക്ഷ്മീകാന്ത് നാരായണ (എട്ട്), അശ്വന്ത് നാരായണ (നാല്) എന്നിവരെ നാരായണ കൊലപ്പെടുത്തിയത്.