കൊച്ചി: കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ നിന്നും സർക്കാർ മെഡിക്കൽ കോളേജിലേക്കുള്ള കെ.എസ്.ആർ.ടി.സി ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു. ആദ്യ യാത്രയുടെ ഫ്‌ളാഗ് ഒഫ് എച്ച്.എം.ടി ജംഗ്ഷനിൽ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിർവഹിച്ചു. മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
മന്ത്രിമാർ ബസിൽ കുറച്ചു ദൂരം യാത്ര ചെയ്തു. ഉദ്ഘാടന ചടങ്ങിൽ കളമശേരി നഗരസഭ ചെയർപേഴ്‌സൺ സീമ കണ്ണൻ, ഡി.പി.സി അംഗം ജമാൽ മണക്കാടൻ, പ്രിൻസിപ്പൽ ഡോ.പി കലാ കേശവൻ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
മാഞ്ഞാലി - കളമശേരി സർവീസ്
മാഞ്ഞാലിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് അടുവാശേരി, തടിക്കകടവ്, യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം വഴിയും മാഞ്ഞാലിയിൽ നിന്ന് അടുവാശേരി, തടിക്കകടവ്, മാളിയംപീടിക, തിരുവാലൂർ,പാനായിക്കുള, എടയാർ വഴിയും ഈ മാസം തന്നെ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന വെളിയത്തുനാട്, പന്തിരിക്കൽ, കണക്കൻകടവ്, വരാപ്പുഴ എന്നീ സർവീസ് ഈ മാസം തന്നെ ആരംഭിക്കും.
മെഡിക്കൽ കോളേജ് ബസുകളുടെ സർവീസ് കങ്ങരപ്പടി വരെ നീട്ടി.
രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ബസ് സർവീസ്.
ആവശ്യമെങ്കിൽ സർവീസ് സമയം ക്രമീകരിക്കും.
10 രൂപയാണ് നിരക്ക്.
10,000 പേർക്ക് സൗജന്യ യാത്ര
മെഡിക്കൽ കോളജ് പി.ടി.എ ഒരു ലക്ഷം രൂപ സ്‌പോൺസർ ചെയ്തതിനാൽ ആദ്യത്തെ 10,000 പേർക്ക് യാത്ര സൗജന്യം. കൂടുതൽ സ്‌പോൺസർഷിപ്പ് ലഭിച്ചാൽ സൗജന്യം തുടരുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.