ആലുവ: റഷ്യൻ അംഗീകാരമായ 'യസനിൻ' പുരസ്‌കാരം ലഭിച്ച കവിയും എഴുത്തുകാരനും വിവർത്തകനുമായ വേണു വി. ദേശത്തിനെ ദേശം കെ. വാസു സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജനുവരി 14 വൈകിട്ട് 5.30 ന് ആദരിക്കും. അനുമോദന ചടങ്ങിനുശേഷം റഷ്യൻ സാഹിത്യകാരനായിരുന്ന ദസ്തയേവ്സ്കിയുടെ ഇരുന്നൂറാമത് ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന "ദസ്തയേവ്സ്കി @ 200 - ചരിത്രപ്രസക്തി" എന്ന സെമിനാറിൽ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഗാനസന്ധ്യയും അരങ്ങേറും. റഷ്യൻ സാഹിത്യം ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നവർക്ക് റഷ്യയിൽ നിന്ന് 2008 മുതൽ നൽകിവരുന്ന പുരസ്‌കാരമാണ് 'യസനിൻ' പുരസ്‌കാരം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന ജനപ്രിയനായിരുന്ന റഷ്യൻ കവിയായിരുന്നു യസനിൻ. ദസ്തയേവ്‌കിയുടെ ഇരുന്നൂറാം ജന്മ വാർഷികമായ 2021ൽ അദ്ദേഹത്തിന്റെ 19 കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വേണു വി.ദേശമാണ്. ഒ.എൻ.വി, പുതുശ്ശേരി രാമചന്ദ്രൻ, ഡി. വിനയചന്ദ്രൻ എന്നിവർക്കാണ് ഇതിനു മുൻപ് മലയാളത്തിൽ നിന്നും 'യസനിൻ' പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി. ഗോപൻ അദ്ധ്യക്ഷനാകും. മുൻമന്ത്രി എസ്. ശർമ മുഖ്യാതിഥിയാകും. സെക്രട്ടറി ആർ. ബാബുരാജ് സംസാരിക്കും.