അങ്കമാലി: കറുകുറ്റി പഞ്ചായത്ത് എടക്കുന്ന് കളിയാറ പാടശേഖരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ച പോട്ടച്ചിറ ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് 15 മാസമായിട്ടും ലക്ഷ്യം കണ്ടില്ല. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ നബാർഡ് സഹായത്തോടെ സഹസ്ര സരോവർ യോജന പദ്ധതിയുടെ ഭാഗമായാണ് 6 വർഷം മുൻപ് 93 ലക്ഷം രൂപ ചിലവിൽ പോട്ടച്ചിറക്കുളം നവീകരിച്ചത്. ആവശ്യത്തിന് നീരുറവയുള്ള പോട്ടച്ചിറയിൽ കുളിക്കാനും നീന്തൽ പരിശീലനത്തിനും ഉപയോഗിക്കാനും വേണ്ടിയായിരുന്നു തുടക്കത്തിൽ പദ്ധതി ലക്ഷ്യമിട്ടത്.
കുളിക്കാനുള്ള സൗകര്യത്തിനായി പോട്ടച്ചിറയിൽ പടവുകൾ നിർമ്മിക്കുകയും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചിറയുടെ നാല് വശത്തും ടൈലുകൾ വിരിക്കുകയും ചെയ്തിരുന്നു. കുളിക്കാനും നീന്തൽ പരിശീലിക്കാനുമായി നിരവധി പേർ പോട്ടച്ചിറയിലേക്ക് എത്തിയിരുന്നു. എന്നാൽ, കുളിക്കാനിറങ്ങിയ രണ്ടുപേർ അപകടത്തിൽ മരിച്ചതോടെ ഇത് നിലച്ചു. ചിറ പരിപാലിക്കാൻ ആളില്ലാതായതും നിർമ്മാണ അപാകതയും പോട്ടച്ചിറയിലെ വെള്ളം മലിനമാക്കി. ചിറയിലേക്ക് ആരും തിരിഞ്ഞു നോക്കാതായി. മൂന്നുവശവും ഒഴുകുന്ന തോടുകളുള്ള പോട്ടച്ചിറയിലേക്ക് വെള്ളം ഒഴുകി വരുന്നതിനോ ചിറയിൽ നിന്ന് വെള്ളം ഒഴുകിപോകുന്നതിനോ സൗകര്യം ഒരുക്കിയിട്ടില്ല. ചിറയിലേക്ക് വെള്ളം എത്തുന്നതിന് സ്ഥാപിച്ചിരിക്കുന്ന പൈപ്പും ചിറയിൽ വെള്ളമെത്തുന്നതിന് പര്യാപ്തമല്ല. കുളത്തിൽ നിന്നും പുറത്തേക്കൊഴുകേണ്ട പൈപ്പ് വഴി വെള്ളം ഒഴുകാത്ത സ്ഥിതിയിലാണ്. പിന്നീട് ഈ മേഖലയിലെ ജലക്ഷാമം കണക്കിലെടുത്ത് പോട്ട ചിറ ജലസേചന പദ്ധതിക്കായി പുന:ക്രമീകരണം നടത്തി. ഇതിനായി മോട്ടോർ സ്ഥാപിക്കുകയും പുലിക്കല്ല് ജംഗ്ഷൻ വരെ വീടുകളിലേക്ക് വാട്ടർ കണക്ഷനായി പൈപ്പുകൾ ഇടുകയും ചെയ്തു. രണ്ടാംഘട്ട പൈപ്പിടൽ ഏറെ കുടിവെള്ളക്ഷാമമുള്ള പ്രദേശമായ ലക്ഷംവീട് ഭാഗത്തെ ഒഴിവാക്കി സ്വകാര്യ വ്യക്തികളുടെ പറമ്പിൽ പൈപ്പുകൾ ഇടുകയാണുണ്ടായത്. ഇത് പ്രതിഷേധത്തിനിടയാക്കി. ലക്ഷംവീട് ഭാഗത്തും കനാൽ വെള്ളം എത്താത്ത പുലിക്കല്ല് തെക്കേഭാഗത്ത് ഉയരമുള്ള പ്രദേശത്ത് വെള്ളമെത്തിക്കാൻ നടപടിയായിട്ടില്ല. ഇവിടങ്ങളിൽ കൂടി പൈപ്പുകളിട്ട് വെള്ളം എത്തിക്കാൻ കഴിഞ്ഞാൽ ഈ പ്രദേശത്തെ കർഷകർക്കും ആശ്വാസമാകും. കുടിവെള്ള ക്ഷാമവും പരിഹരിക്കാനാകും. വേനൽ കടുത്തതിനാൽ ഈ പ്രദേശത്തെ കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി. കൃഷിയിടങ്ങളിൽ ജലസേചനം നടത്താത്തതിനാൽ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. പോട്ടച്ചിറയിൽ ഇപ്പോഴും പത്തടിയിലേറെ ജലമുണ്ട്. അതുകൊണ്ട് നിലവിലുള്ള മോട്ടോറിന്റെ ശക്തി കൂട്ടുകയോ മോട്ടോറുകളുടെ എണ്ണം വർദ്ധിപ്പിക്കുകയോ ചെയ്ത് വെള്ളം ഉയർന്ന പ്രദേശങ്ങളിൽ എത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.