അങ്കമാലി: അങ്കമാലി നഗരസഭയിൽ യു.ഡി.എഫിനകത്തെ ചേരിതിരിവ് കാരണം ഭരണം ലഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും പുതുതായി ഒരു പദ്ധതി പോലും നടപ്പാക്കാനായില്ലെന്നും കെടുകാര്യസ്ഥതയുടെ ഒരു വർഷമാണ് പിന്നിട്ടതെന്നും പ്രതിപക്ഷം. ടൗണിൽ കോടികൾ വിലമതിപ്പുള്ള ഭൂമി ലഭ്യമാക്കി ടൗൺഹാളിന് ഭരണാനുമതി ലഭിച്ചിട്ടും ടൗൺഹാളിന്റെ നിർമ്മാണം ആരംഭിക്കാനായിട്ടില്ല. നഗരസഭ ഓഫീസിൽ നിന്ന് പ്രധാനപെട്ട ഫയലുകൾ നഷ്ടമായി. മുൻഭരണസമിതി ഓഫീസിൽ സ്ഥാപിച്ചിരുന്ന നിരീക്ഷ ക്യാമറകൾ പ്രവർത്തനരഹിതമാക്കി. നികുതി പിരിവിന്റെ പേരിൽ അന്യായമായി ഇരട്ട നോട്ടീസ് നൽകി പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്നു. ടൗണിൽ യാത്രക്കുരുക്കേറിയിട്ടും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിക്കാൻ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2020-21 ജനകീയാസൂത്രണ വാർഷിക പദ്ധതി അംഗീകരിച്ച വ്യക്തിഗത ആനുകൂല്യ വിതരണം ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.

2021-22 വാർഷിക പദ്ധതി നടപ്പിലാക്കാൻ ഇനി ശേഷിക്കുന്നത് 80 ദിവസം മാത്രമാണ്. വികസന പ്രവർത്തനങ്ങൾക്ക് സർവ്വ പിന്തണയും എൽ.ഡി.എഫ്. വാഗ്ദാനം നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ്, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷി, മുൻ നഗരസഭ ചെയർമാൻ ബെന്നി മൂഞ്ഞേലി, കൗൺസിലർമാരായ മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസൻ, സരിത അനിൽ, മോളി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.