
കൊച്ചി: സർക്കാരിന്റെ വിദഗ്ദ്ധസമിതി ഒരു പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യകത പരിശോധിച്ച് പ്ളസ്ടു ബാച്ചുകൾ അനുവദിക്കണമെന്ന് റിപ്പോർട്ട് നൽകുമ്പോൾ, നയതീരുമാനത്തിന് എതിരാണെന്ന് പറഞ്ഞ് സർക്കാരിന് അത് നിരസിക്കാനാവില്ലെന്ന് ഹൈക്കോടതി. അങ്ങനെ ചെയ്യുന്നത് പൗരന്മാർക്ക് വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു മാസത്തിനകം സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ മൂന്ന് അധിക പ്ളസ്ടു ബാച്ചുകൾ അനുവദിക്കണമെന്ന ഉത്തരവിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളായ ഇവിടെ അധിക പ്ളസ്ടു ബാച്ചുകൾ അനുവദിക്കാനായി മാനേജർ നൽകിയ അപേക്ഷ സർക്കാർ നിരസിച്ചിരുന്നു. ഇതിനെതിരെ മാനേജരും കൂടുതൽ ബാച്ച് ആവശ്യപ്പെട്ട് ഒരുപറ്റം വിദ്യാർത്ഥികളും നൽകിയ ഹർജികളാണ് പരിഗണിച്ചത്.
ഈ സ്കൂളിൽ രണ്ടായിരത്തിലേറെ കുട്ടികളുണ്ട്. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 750 കുട്ടികളാണ് ഇവിടെ പാസായത്. എന്നാൽ 200 പ്ളസ്ടു സീറ്റുകൾ മാത്രമാണുള്ളത്. ഇവിടത്തെ വിദ്യാഭ്യാസ ആവശ്യകത കണക്കിലെടുത്ത് കൂടുതൽ ബാച്ച് അനുവദിക്കാൻ മേഖലാതല വിദഗ്ദ്ധസമിതി റിപ്പോർട്ടും നൽകി. എന്നാൽ സാമ്പത്തിക ബാദ്ധ്യത കാരണം എയ്ഡഡ് ഹയർ സെക്കൻഡറി മേഖലയിൽ അധികബാച്ചുകൾ അനുവദിക്കേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി ഈ ആവശ്യം നിരസിച്ചു. തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
മേഖലാതല വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് തള്ളാൻ സർക്കാരിന് കഴിയില്ലെന്നും ഹൈക്കോടതി വിലയിരുത്തി.