കൊച്ചി: ഈ ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് കേന്ദ്ര നിയമ, നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജിജു പറഞ്ഞു. ദേശീയ നിയമ സർവകലാശാലയായ കളമശേരി നുവാൽസിൽ പതിനഞ്ചാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർഹരായവർക്ക് അതിവേഗം നീതി എത്തിക്കണം. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ മാറണം. ജഡ്ജിമാരുടെ ഒഴിവുകളിൽ വൈകാതെ നിയമനം നടത്തുന്നതിന് കോളീജിയവും കേന്ദ്രസർക്കാരും യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബിരുദദാനം നുവാൽസ് ചാൻസലർ കൂടിയായ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ നിർവഹിച്ചു.
ബി.എ എൽ.എൽ.ബി റാങ്കുകാർക്കുള്ള സ്വർണ്ണമെഡലും എൻഡോവ്‌മെന്റ് അവാർഡുകളും കേന്ദ്രമന്ത്രി വിതരണം ചെയ്തു. മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി എന്നിവർ സംസാരിച്ചു.
ജസ്റ്റിസ് അനിൽ നരേന്ദ്രൻ , അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, സ്റ്റേറ്റ് അറ്റോണി മനോജ്കുമാർ, ലാ സെക്രട്ടറി ഹരി നായർ , നുവാൽസ് എക്‌സി. കൗൺസിൽ അംഗം അഡ്വ. നാഗരാജ് നാരായൺ തുടങ്ങിയവർ പങ്കെടുത്തു.