
കൊച്ചി: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആർ. ഗൗരിഅമ്മയുടെ പേരിലുള്ള ട്രഷറി സേവിംഗ്സ് അക്കൗണ്ടുകളിലെ തുക വിൽപ്പത്രപ്രകാരം ഇളയ സഹോദരിയുടെ പുത്രി ഡോ.പി.സി. ബീനാകുമാരിക്ക് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ ട്രഷറിയിലും ആലപ്പുഴ ജില്ലാ സബ് - ട്രഷറിയിലുമായി ഗൗരിഅമ്മയുടെ പേരിലുള്ള 30 ലക്ഷംരൂപ വിട്ടുകിട്ടാൻ ബീനാകുമാരി നൽകിയ അപേക്ഷ ട്രഷറി ഡയറക്ടർ നിരസിച്ചിരുന്നു. ഗൗരിഅമ്മയുടെ പേരിലുള്ള ട്രഷറി അക്കൗണ്ടുകളിൽ നോമിനിയുടെ പേരു ചേർത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. എന്നാൽ ട്രഷറി നിക്ഷേപങ്ങളും ആലപ്പുഴയിലെ 19 സെന്റ് ഭൂമിയും ബീനാകുമാരിക്ക് നൽകണമെന്ന് കാണിച്ച് 1983 സെപ്തംബർ ഒന്നിന് കെ. ആർ. ഗൗരിഅമ്മ വിൽപ്പത്രം തയ്യാറാക്കി രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ പകർപ്പും ബീനാകുമാരി ട്രഷറി സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ വിൽപ്പത്രം കോടതി മുഖേന പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി. ഇതിനെതിരെയാണ് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.