 
ആലുവ: ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ശ്രവണ,സംസാര വൈകല്യമുള്ളവരുടെ വിദ്യാഭ്യാസ, തൊഴിൽ പുനരധിവാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഓൾ കേരള പേരന്റ്‌സ് അസോസിയേഷൻ ഒഫ് ഹിയറിംഗ് ഇംപയേർഡ്' (അക്പാഹി) 14- ാം സംസ്ഥാന സമ്മേളനവും രജതജൂബിലിയാഘോഷവും ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് സ്കൂൾ - കോളേജുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നാല് ശതമാനം ജോലി സംവരണം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബേബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ചെയർമാൻ ഡോ. കെ.വി. ജയചന്ദ്രൻ പതാക ഉയർത്തി. അൻവർ സാദത്ത് എം.എൽ.എ, സ്വാഗതസംഘം ചെയർമാൻ ആർ.കെ. ശിവൻ, എസ്. ജയശങ്കർ, വി.കെ. അബ്ദുൾകരീം, ജോൺ ജെ. ജോൺ, വനജ പ്രകാശ്, എൻ.ടി. ബോസ് എന്നിവർ സംസാരിച്ചു.
കേൾവി വൈകല്യമുള്ളവർ നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗ്ഗങ്ങളും എന്ന സെമിനാർ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി അഡ്വൈസറി ബോർഡ് മെമ്പർ എ. ഷൺമുഖം വിഷയം അവതരിപ്പിച്ചു.
ഇന്ന് രാവിലെ 10.30ന് പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി മേഖലകളിൽ സമഗ്രസംഭാവനകൾ നൽകിയ ബെന്നി ബഹനാൻ എം.പി, ഗോപിനാഥ് മുതുകാട്, സിസ്റ്റർ അഭയ, അബ്ദുൾനിസ്സാർ, രശ്മിമോഹൻ, കെ.എം. അബ്ദുൾ ഷുക്കൂർ, എം. രാഘവൻ, ലൈസാമ്മ വി. കോര എന്നിവരെ എന്നിവരെ മന്ത്രി ഡോ. ആർ. ബിന്ദു ആദരിക്കും.
 2.30ന് 'ബധിരസംഗമം'
അക്പാഹി സംസ്ഥാന സമ്മേളനത്തിൽ ഇന്ന് കേൾവി, സംസാര വൈകല്യമുള്ളവർക്ക് അനുയോജ്യരായ വധൂവരന്മാരെ കണ്ടെത്തുന്നതിനായി ഉച്ചയ്ക്ക് 2.30ന് ബധിരസംഗമം സംഘടിപ്പിക്കും. മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ വധൂവരന്മാരെ കണ്ടെത്താം.