പെരുമ്പാവൂർ: കേരള സംസ്ഥാന ബാംബു കോർപ്പറേഷനിൽ നിന്ന് ഈറ്റ ലഭിക്കാത്തതിനാൽ എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ സാധു സുന്ദര പദ്ധതി ഗുണഭോക്താക്കൾ തൊഴിലില്ലായ്മാ പ്രതിസന്ധിയിൽ. ഈറ്റ ഉപയോഗിച്ച് കുട്ട, വട്ടി, മുറം തുടങ്ങിയവ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത ഈറ്റത്തൊഴിലാളികളായ പട്ടികജാതിക്കാരെ സഹായിക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് 2018-19 വർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് സാധു സുന്ദരപദ്ധതി. പട്ടിക ജാതിക്കാരും പരമ്പരാഗത ഈറ്റ തൊഴിലാളികളുമായ 36 സംഘങ്ങളിലെ അംഗങ്ങൾക്ക് തൊഴിൽ അഭിവൃദ്ധിപ്പെടുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഒരു സംഘത്തിൽ കുറഞ്ഞത് മൂന്ന് അംഗങ്ങളാണുള്ളത്.
ജില്ലയിൽ മൊത്തം പദ്ധതി ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ കൊവിഡ് വ്യാപനം മൂലം സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ പദ്ധതി പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചു. എന്നാൽ സമ്പൂർണ്ണ അടച്ചിടൽ പിൻവലിച്ചപ്പോൾ ബാംബൂ കോർപ്പറേഷനിൽ നിന്ന് ആവശ്യമായ ഈറ്റ നൽകാത്തതും വില വർദ്ധനവും വീണ്ടും പ്രതിസന്ധിയിലാക്കി. ബാബുകോർപ്പറേഷന്റെ പെരുമ്പാവൂർ വല്ലത്ത് പ്രവർത്തിച്ചു വരുന്ന ഈറ്റ വിതരണ ഡിപ്പോ പ്രവർത്തനക്ഷമമല്ലാതായതും ബുദ്ധിമുട്ടിലാക്കി. പിറവം, കിഴക്കമ്പലം, കരിമുഗൾ, വൈക്കം, വെങ്ങോല, പുത്തൻകുരിശ്, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലുള്ള ഈറ്റ തൊഴിലാളികൾക്ക് ഇത് ഏറെ ഗുണകരമായിരുന്നു. വല്ലം ഡിപ്പോ നിർത്തലാക്കിയതിനാൽ അങ്കമാലി വരെ ചെന്ന് ഈറ്റ വാങ്ങേണ്ട അവസ്ഥയാണ്. അങ്കമാലിയിൽ നിന്ന് വെങ്ങോല വരെ ഈറ്റ എത്തിക്കാൻ വാഹനക്കൂലി ആയിരം രൂപയോളമാകും. അങ്കമാലിയിൽ നിന്ന് ഒരാൾക്ക് ഒരു മാസം ഒരു കെട്ടിൽ 15 ഈറ്റകൾ ഉൾക്കൊള്ളുന്ന രണ്ട് കെട്ട് മാത്രമാണ് നൽകുന്നത്. ഇതിനാൽ പരമ്പരാഗത ഈറ്റത്തൊഴിലാളികൾക്ക് വലിയ ചെലവിനും തൊഴിൽ നഷ്ടത്തിനും ഇടവരുത്തിയിരിക്കുകയാണ്. പരമ്പരാഗത ഈറ്റത്തൊഴിലാളികൾക്ക് ആവശ്യമായ ഈറ്റ ലഭ്യമാക്കണമെന്നും പെരുമ്പാവൂരിൽ ഈറ്റ വിതരണ ഡിപ്പോ പുന:രാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഡോ: അംബേദ്കർ സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ശിവൻ കദളി വ്യവസായ വകുപ്പു മന്ത്രിക്കും ബാംബൂ കോർപ്പറേഷൻ അധികാരികൾക്കും നിവേദനം നൽകിയിട്ടുണ്ട്.