ayyanaar
അയ്യനാർ

മരട്‌: തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ വീട്ടിൽനിന്ന് അഞ്ച് പവന്റെ സ്വ‌ർണാഭരണവും 21,000 രൂപയും കവന്ന പ്രതിയെ തിരുവനന്തപുരത്തുനിന്ന് പൊലീസ് പിടികൂടി. ഇവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന തമിഴ്നാട് മധുര സ്വദേശിന അയ്യനാരാണ് (31) പിടിയിലായത്. കഴിഞ്ഞ നവംബർ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം.

പൊലീസ് പറയുന്നത് :വർഷങ്ങളായി ചമ്പക്കരയിൽ താമസിക്കുന്ന ദമ്പതികൾ പലഹാരങ്ങൾ നി‌ർമ്മിച്ചാണ് ഉപജീവനം നടത്തുന്നത്. ജോലിത്തിരക്ക് ഏറുമ്പോൾ സഹായത്തിനായി അയ്യനാരെ വിളിക്കും. ഇങ്ങനെ കുടുംബവുമായി ഇയാൾ അടുത്തബന്ധം സ്ഥാപിച്ചിരുന്നു. സംഭവദിവസം വീട്ടുകാർ പുറത്തുപോയ തക്കത്തിന് താക്കോൽ കൈക്കലാക്കി അയ്യനാർ, അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണവും പണവും മോഷ്ടിച്ച് കടന്ന് കളയുകയായിരുന്നു. വീട് തുറന്ന് കിടക്കുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ മരട് സ്റ്റേഷനിൽ പരാതി നൽകി. കൈയിലുണ്ടായിരുന്ന ഫോൺ ഉപേക്ഷിച്ച പ്രതി മോഷ്ടിച്ച പണം ഉപയോഗിച്ച് പുതിയഫോൺ വാങ്ങി. തിരുവനന്തപുരത്ത് ഒരു ബേക്കറിയിൽ ജോലിചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതറിഞ്ഞ് അവിടെയെത്തി പിടികൂടുകയായിരുന്നു. പ്രതി പണയംവച്ച സ്വർണാഭരണങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കണ്ടെടുത്തു.

മരട് എസ്.എച്ച്.ഒ ജോസഫ് സാജന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണസംഘത്തിലെ എസ്.ഐ ഹരികുമാർ ജി, എ.എസ്.ഐ സജീവ്കുമാർ, സി.പി.ഒമാരായ അരുൺരാജ്, വിനോദ് വാസുദേവൻ, പ്രശാന്ത് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.