 
ആലുവ: നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്യേണ്ടിവന്ന സംഭവത്തിൽ ആലുവ സി.ഐ ആയിരുന്ന സുധീറിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത് അതീവഗുരുതരവും കുറ്റകരവുമായ അനാസ്ഥയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ പറഞ്ഞു. സി. ഐക്കെതിരെ ഇപ്പോൾ വകുപ്പുതല അന്വേഷണം മാത്രമാണ് നടക്കുന്നത്. ഭർത്തൃവീട്ടിലെ പരാതിപറയാൻ സ്റ്റേഷനിലെത്തിയ മോഫിയ പർവീണിനെ സി.ഐ അവഹേളിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇക്കാര്യം ആത്മഹത്യാക്കുറിപ്പിലുണ്ട്. സി.ഐയെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്ന് ജെബി മേത്തർ ആരോപിച്ചു.
മോഫിയ പർവീണിന്റെ കുടുംബത്തിന് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് അവരുടെ വീട് സന്ദർശിച്ച ശേഷം ജെബി മേത്തർ പറഞ്ഞു. സ്ത്രീ പീഡനങ്ങൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കുമെതിരെ മഹിളാ കോൺഗ്രസ് കുടുംബസംരക്ഷണസദസ് സംഘടിപ്പിക്കും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോൾ, സംസ്ഥാന സെക്രട്ടറിമാരായ ഷീബ രാമചന്ദ്രൻ, മിനി വർഗീസ്, ജില്ലാ സെക്രട്ടറിമാരായ ലിസി സെബാസ്റ്റ്യൻ, മുംതാസ്, നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീദേവി മധു, മിവ ജോണി, മരിയ, ലിയ വിനോദ് രാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.