കൊച്ചി: സംസ്ഥാന ഒളിമ്പിക് ഗെയിംസിന്റെ മുന്നോടിയായി നടക്കുന്ന ജില്ലാ ഒളിമ്പിക് ഗെയിംസ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കൂടുതൽ കളിസ്ഥലങ്ങൾ സൃഷ്ടിക്കുന്നതിനായി സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു കായികനയത്തിന്റെ കരട് തയാറായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ജില്ലാ ഒളിമ്പിക് ഗെയിംസ് സംഘാടകസമിതി ചെയർമാൻ ബിനോയ് ജോസഫ്, ജനറൽ കൺവീനർ സി.കെ. സനിൽ, റീജനൽ സ്‌പോർട്‌സ് സെന്റർ സെക്രട്ടറി അഡ്വ.എസ്.എ.എസ് നവാസ് തുടങ്ങിയവർ പങ്കെടുത്തു. കൈതാരം ഗവ. എച്ച്.എസ്.എസിൽ നടന്ന കബഡി മത്സരത്തോടെ ജില്ലാ ഒളിംപിക് ഗെയിംസിനു തുടക്കമായി
സൈക്ലിംഗ്, ബാഡ്മിന്റൺ, ഖോഖോ, കരാട്ടെ, റഗ്ബി, റൈഫിൾ മത്സരങ്ങൾ ഇന്ന് നടക്കും. വെല്ലിംഗ്ഡൺ ഐലൻഡിലെ കൊച്ചിൻ പോർട്ട്ട്രസ്റ്റ് റോഡിലാണ് സൈക്ലിംഗ് മത്സരങ്ങൾ നടക്കുക. ബാഡ്മിന്റൻ മത്സരങ്ങൾ ഞാറക്കൽ ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിലും ഖോഖോ പിറവം ബി.പി.സി കോളേജിലും കബഡി കൈതാരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലും കരാട്ടെ പുത്തൻകുരിശ് പന്നിക്കോട് മഹേശ്വര ക്ഷേത്ര ഓഡിറ്റോറിയത്തിലും റഗ്ബി കുസാറ്റ് ഗ്രൗണ്ടിലും റൈഫിൾ മത്സരങ്ങൾ കടവന്ത്ര റീജിയണൽ സ്‌പോർട്ട്‌സ് സെന്ററിലുമാണ് നടക്കുക.
16 വരെയാണ് മത്സരങ്ങൾ. ജില്ലാ മത്സരങ്ങളിൽ വിജയിക്കുന്നവർ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക് മത്സരത്തിൽ പങ്കെടുക്കും.