വൈപ്പിൻ: വള്ളങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് പുതുക്കുന്നതിന് 16ന് നടക്കുന്ന പരിശോധനയിൽ പങ്കെടുക്കാൻ മത്സ്യത്തൊഴിലാളികൾക്ക് വിമുഖത. നിലവിൽ 80 ശതമാനം യാനങ്ങളും മരം കൊണ്ട് ഉണ്ടാക്കിയവയാണ്. യാനങ്ങൾ എല്ലാം എട്ട് കൊല്ലത്തിന് മേലെ പഴക്കമുള്ളവയാണ്. എട്ടാം തീയതി വരെ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്ന് നിയമമുള്ളപ്പോഴും അപേക്ഷകൾ കൊടുത്തു തീരാതെ നട്ടം തിരിയുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. പുതിയ രജിസ്‌ട്രേഷന് ചെല്ലുമ്പോൾ സെക്യൂരിറ്റി ഫീസ്, ലൈസൻസ് ഫീസ്, കൂടാതെ മറ്റു ഫീസുകളടക്കം വലിയൊരു തുകയാണ് പുതിയ നിയമം വഴി സർക്കാരിലേക്ക് അടക്കേണ്ടത്. 2021വരെ നിയമപരമായി ലൈസൻസ് ഫീസ് അടച്ചവർക്കാണ് വീണ്ടും തിരിച്ചടിയായി ഫീസ് ആദ്യം മുതലേ അടക്കേണ്ടിവരുന്നത്. എറണാകുളം ജില്ലയിൽ മാത്രം മൂന്നിൽ ഒന്ന് അപേക്ഷകൾ മാത്രമാണ് വേരിഫിക്കേഷനുവേണ്ടി ഫിഷറീസ് ഓഫീസിൽ എത്തിയിട്ടുള്ളത്. റോഡ് നിയമങ്ങൾ കടലിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നത് എടുത്തുകളയണമെന്നും മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തണമെന്നും എല്ലാവർക്കും പെർമ്മിറ്റ് ലഭിക്കത്തക്ക രീതിയിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.വി. ജയൻ ആവശ്യപ്പെട്ടു. കടലിൽ മത്സ്യത്തൊഴിലിന് പോകുന്ന പരമ്പരാഗത യാനങ്ങളുടെ കാലാപ്പഴക്കം നിർണ്ണയിക്കുന്ന നിയമം എടുത്തുകളയണമെന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.