
പെരുമ്പാവൂർ: മുടക്കുഴ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് ഇളമ്പകപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന മുത്തംകുളം നാശത്തിന്റെ വക്കിൽ. കയ്യേറ്റവും പഞ്ചായത്തിന്റെ അവഗണനയും മൂലമാണ് നാശത്തിലേക്ക് പോകുന്നതെന്ന് ആരോപണമുയർന്നിരിക്കുകയാണ്.15 വർഷങ്ങൾക്ക് മുമ്പ് സി.പി. എം നേതാവ് ഉഷാദാസ് മെമ്പർ ആയിരുന്നപ്പോൾ ആണ് അരിക് കെട്ടി മണ്ണിട്ട് വൃത്തിയാക്കിയത്. ആ മണ്ണെല്ലാം ചില തത്പരകക്ഷികൾ കയ്യടക്കിയിരിക്കുകയാണ്. ഏകദേശം 30 സെന്റിന് മുകളിലുള്ള കുളം കൈയേറ്റങ്ങൾ തിരിച്ച് പിടിച്ച് സൗന്ദര്യവത്കരണം നടത്താൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകണമെന്നും ഇല്ലെങ്കിൽ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയനും തൊഴിലുറപ്പ് തൊഴിലാളി യൂണിയനും മുന്നിട്ടിറങ്ങി വേണ്ട നടപടി സ്വീകരിക്കുമെന്നും നേതാക്കളായ സന്തോഷ് കുമാർ പി.ബി, ബിന്ദു ബിജു, ബിന്ദു ഉണ്ണി, വേണു പി.എ, ഇന്ദു മണി എന്നിവർ അറിയിച്ചു.