കൊച്ചി: കേരളത്തിലെ കോൺഗ്രസുകാരുടെ കൊക്കിൽ ജീവനും സിരകളിൽ രക്തവുമുള്ളിടത്തോളം കാലം കെ- റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
കെ- റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഭാരവാഹി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബലമായി സർവേ കല്ലിട്ടും വീടുകൾ പിടിച്ചടക്കിയും പദ്ധതി നടപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും നീക്കത്തെ ചെറുത്തു തോൽപ്പിക്കാൻ ഏതറ്റംവരെയും പോകും.
ജനവിരുദ്ധ പദ്ധതിക്കെതിരേ ദേശീയതലത്തിൽ പരിസ്ഥിതി പ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടെയുള്ളവരെ ബോധവത്കരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, റോജി എം. ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.