ആലുവ: മൊബൈൽ ആപ്പിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി തട്ടിപ്പിനിരയായ യുവാവിൻെറ 70000 രൂപ തിരിച്ചുപിടിച്ച് റൂറൽ ജില്ലാ സൈബർ പൊലീസ്. കിഴക്കമ്പലം സ്വദേശിയായ യുവാവിൻെറ തുകയാണ് സമയോചിതമായി ഇടപെട്ട് ഓൺലൈൻ തട്ടിപ്പ് സംഘത്തിൽനിന്ന് വീണ്ടെടുത്തത്.

പ്രമുഖബാങ്കിൽ ഓൺലൈൻ ട്രാൻസാക്ഷനെക്കുറിച്ച് പരാതി പറയാൻ ഇന്റർനെറ്റ് തിരഞ്ഞതാണ് അബദ്ധമായത്. വ്യാജ കസ്റ്റമർകെയർ നമ്പർ എന്നറിയാതെ ബന്ധപ്പെട്ടപ്പോൾ മൊബൈൽആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇൻസ്റ്റാൾ ചെയ്തതോടെ യുവാവിന്റെ മൊബൈൽഫോണിലുള്ള വിവരങ്ങളും സ്‌ക്രീനിൽ വരുന്ന കാര്യങ്ങളും തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തി. ഉടൻ യുവാവിന്റെ ക്രെഡിറ്റ് കാർഡിലുണ്ടായിരുന്ന 70,000 രൂപ നഷ്ടമായി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകിയതിനെത്തുടർന്ന് സൈബർപൊലീസിന്റെ പ്രത്യേകടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് പരിശോധിച്ചപ്പോൾ തട്ടിപ്പുസംഘം ഈ പണം ഉപയോഗിച്ച് ഓൺലൈൻ വ്യാപാരസൈറ്റിൽനിന്ന് ലാപ്ടോപ്പും മൊബൈൽഫോണും പർച്ചേസ് ചെയ്തതായി കണ്ടെത്തി. പെട്ടെന്ന് ഈ ഇടപാട് മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞു. പണം യുവാവിന്റെ അക്കൗണ്ടിലെത്തിക്കാനും സാധിച്ചു.

ഇൻസ്‌പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ എം.ജെ. ഷാജി, സി.പി.ഒമാരായ വികാസ് മണി, പി.എ. റഫീക്ക്, ജറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇന്റർനെറ്റിൽ ബാങ്കിന്റെയും മറ്റും നമ്പറുകൾ പരതി അതിൽനിന്ന് ലഭിക്കുന്ന നമ്പറുകളിൽ വിളിക്കുമ്പോൾ സൂക്ഷിക്കണമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു. ഇങ്ങനെ വിളിക്കുമ്പോൾ പലപ്പോഴും എത്തിച്ചേരുക തട്ടിപ്പുസംഘത്തിന്റെ അടുത്തായിരിക്കും. അവർ പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴും വിവരങ്ങൾ കൈമാറുമ്പോഴും പണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഔദ്യോഗിക വെബ്‌സൈറ്റുകൾ ഉപയോഗിക്കണമെന്നും എസ്.പി മുന്നറിയിപ്പ് നൽകി.